‘യുപിയിൽ ഓക്സിജൻ ക്ഷാമം; എന്റെ പേരിൽ കേസെടുക്കൂ..’: യോഗിയോട് പ്രിയങ്ക

ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും തുറന്ന പോരിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഇല്ലെന്നും ഇനി ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാരിന്റെ നയം. എന്നാൽ ഇതിനെതിരെ പ്രിയങ്ക രംഗത്തെത്തി. യുപിയിൽ ഓക്സിജൻ അടിയന്തരാവസ്ഥയുണ്ടെന്ന് പ്രിയങ്ക മുഖ്യമന്ത്രിയെ ഓർമിപ്പിച്ച് ട്വീറ്റ് ചെയ്തു.

‘മുഖ്യമന്ത്രി, ഉത്തര്‍പ്രദേശില്‍ എല്ലായിടത്തും ഓക്‌സിജന്‍ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ക്ക് എന്റെ സ്വത്ത് കണ്ടുകെട്ടുകയോ എന്റേ മേല്‍ കേസെടുക്കുകയോ ചെയ്യാം. എന്നാല്‍ ദൈവത്തെയോര്‍ത്ത്, ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം,’ യോഗിയോട് പ്രിയങ്ക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഇന്നലെ ലഖ്നൗവിലെ ആശുപത്രിയിലേക്ക് ഛത്തീസ്ഗഡിൽ നിന്നും പ്രിയങ്ക ഓക്സിജൻ എത്തിച്ചത് വലിയ വാർത്തയായിരുന്നു. ടാങ്കറിൽ 16 ടൺ ഓക്സിജനാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അയച്ചത്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്ന് അറിഞ്ഞതോടെയാണ് പ്രിയങ്ക വിഷയത്തിൽ ഇടപെടുന്നതും  ഛത്തീസ്ഗഡിനോട് സഹായം ചോദിച്ചതും. ഇതിന് പിന്നാലെയാണ് അടിയന്തരമായി 16 ടൺ ഓക്സിജനുമായി ടാങ്കർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.