രണ്ടാംതരംഗം ഇന്ത്യൻ വകഭേദമോ? ബി 1.617നെ തേടി ഗവേഷക സംഘം മഹാരാഷ്ട്രയിലേക്ക്

maharashtrawb
SHARE

മഹാരാഷ്ട്രയെ പിടിച്ചുലച്ചത് കോവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദമെന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ പഠനങ്ങൾക്കായി മഹാരാഷ്ട്രയിലെ വിദർഭ, നാഗ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഗവേഷണത്തിനായി രാജ്യാന്തര ശാസ്ത്രജ്ഞരും വിദേശ മാധ്യമങ്ങളും എത്തുന്നു എന്നതാണ് പുതിയ വാർത്ത.

 ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായത് സാർസ് കോവ്–2 എന്ന വൈറസിന്റെ ബി.1.617 എന്ന വകഭേദമോ?. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ വ്യാപിച്ചത് ഈ വൈറസ് വകഭേദം ആയതിനാൽ രാജ്യാന്തര ശാസ്ത്രജ്ഞൻമാർ വരെ ഇതേക്കുറിച്ചു പഠിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വകഭേദം മഹാരാഷ്ട്രയിലെ അമരാവതിയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുകയും പിന്നീട് അടുത്തുള്ള ജില്ലകളിൽ ഫെബ്രുവരിയിൽ പടർന്നുപിടിക്കുകയും ആയിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂറേക്കുറി പഠനം നടത്തിയാലേ സ്ഥിരീകരിക്കാനാകുകയുള്ളെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ വൈറസ് വകഭേദം ഇന്ത്യയിൽത്തന്നെ ഉണ്ടായതാണെന്നാണ് രാജ്യാന്തര ശാസ്ത്രജ്ഞരുടെ വിശ്വാസം. ഇന്ത്യയിൽ കണ്ടെത്തിയ ഈ വൈറസ് വകഭേദം യുകെ, ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയതിൽനിന്നു വ്യത്യസ്തമാണെന്ന് സാംക്രമിക രോഗ വിദഗ്ധൻ ഡോ. നിതിൻ ഷിൻഡെ പറഞ്ഞു.

യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയിലേക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയതിനു പിന്നിൽ ബി.1.617 എന്ന വകഭേദമാണ്. ഈ വകഭേദം ഇന്ത്യയിൽ ഇപ്പോൾ കൂടുതലായി കാണുന്നു. ഫെബ്രുവരി രണ്ടാം ആഴ്ചയിലാണ് വിദർഭ മേഖലയിലെ അമരാവതി ജില്ലയിൽ കോവിഡിന്റെ രണ്ടാം തരംഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇ–ഗ്ലോബൽ ഇനീഷ്യേറ്റീവിന്റെ ഡേറ്റ അനുസരിച്ച് ബി.1.617 എന്ന വകഭേദം 2020 ഡിസംബറിലാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവരുടെ കൈവശമുള്ള, ഏപ്രിൽ 3 വരെയുള്ള ഡേറ്റയിൽ ഇന്ത്യയിൽനിന്നു ശേഖരിച്ച 29% സാംപിളുകളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കോവിഡ്–19 ഉപദേശക സംഘത്തിലുള്ള വിദർഭയിലെ ഉമാർഖേദിൽനിന്നുള്ള ഡോ. അതുൽ ഗവാൻഡെയും നിലവിലെ സാഹചര്യത്തിൽ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. ഈ വകഭേദം കൂടുതൽ മരണകാരണമാകുമോ, വാക്സീനുകൾ മികച്ചരീതിയിൽ ഫലപ്രദമാകുമോ തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും അവ്യക്തതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ബി.1.617 കാരണമല്ല രാജ്യത്ത് കേസുകൾ കൂടുന്നതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബി.1.617 വകഭേദമാണ് ഇത്രയധികം കോവിഡ് കേസുകൾ കൂടാൻ കാരണമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...