ദിനവും 3 ലക്ഷം കുപ്പി; റെംഡെസിവിർ മരുന്ന് ഉത്പാദനം ഇരട്ടിയാക്കും; 20 പ്ലാന്റുകൾക്കു കൂടി

അടുത്ത 15 ദിവസത്തിനുള്ളിൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ ഉത്പാദനം ഇരട്ടിയാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ദിവസവും 3 ലക്ഷം കുപ്പി മരുന്ന് ഉത്പാദിപ്പിക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നും കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം സഹമന്ത്രി മൻസുഖ് എൽ മാൻഡവ്യ ട്വീറ്റ് ചെയ്തു.

നിലവിൽ 1.5 ലക്ഷം കുപ്പി റെംഡെസിവിർ മരുന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത് അടുത്ത 15 ദിവസത്തിനുള്ളിൽ 3 ലക്ഷം ആക്കാനാണ് ലക്ഷ്യമിടുന്നത്. മരുന്ന് ഉത്പാദിപ്പിക്കുന്നതിനായി 20 നിർമാണശാലകൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 20 ഉത്പാദന കേന്ദ്രങ്ങളാണ് ഉള്ളത്. അതിന്റെ കൂടെയാണ് പുതിയതായി 20 എണ്ണത്തിനു കൂടി അനുമതി നൽകുന്നത്. മാത്രമല്ല, റെംഡെസിവിറിന്റെ വില പകുതിയാക്കി കുറയ്ക്കണമെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.