രണ്ടര ലക്ഷം കടന്ന് കോവിഡ്: ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുൽ

india-covid
SHARE

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,501 പേര്‍ രോഗം ബാധിച്ച് മരിച്ചു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനെട്ട് ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയ്ക്ക് പുറമെ ഡല്‍ഹിയിലും റെക്കോര്‍ഡ് വര്‍ധനയാണ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെയുണ്ടായത്. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. ഈ മാസം അവസാനം നടക്കേണ്ട ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ മാറ്റിവച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റദ്ദാക്കി. 

തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മുന്‍ദിവസത്തേക്കാള്‍ 26,808 പേര്‍ക്ക്് അധികമായി ഇന്നലെ രോഗം ബാധിച്ചു.മരണ നിരക്കില്‍ വലിയ കുതിച്ച് ചാട്ടം ഇന്നലെ രേഖപ്പെടുത്തി. 1,38,423 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഡ്് എന്നീ സംസ്ഥാനങ്ങളാിലാണ് രോഗികളില്‍ ഭൂരിഭഗവും. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമായി ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് ഇന്നലെ രോഗം ബാധിച്ചു. 944 പേര്‍ മരിച്ചു.

ഗുജ്‌റാത്ത് മരണ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു സംസ്ഥാനം. 97പേര്‍ക്ക് ഇന്നലെ ജീവന്‍ നഷ്ടമായി. രോഗവ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ രണ്ടാം ദിവസം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ വാരാന്ത്യ ലോക്ഡൗണ്‍ സമ്പൂര്‍ണമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളലും വാരാന്ത്യത്തില്‍ നിയമന്ത്രണങ്ങള്‍ ശക്തമാണ്. ഉത്തരാഖണ്ഡില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി മധ്യപ്രദേശ്,ഡല്‍ഹി,ഒഡീഷ സംസ്ഥാനങ്ങള്‍ ഉത്തരവിറക്കി. ഈ മാസം 27,28,30 തിയ്യതികളില്‍ നടക്കേണ്ട ജെ.ഇ.ഇ മെയിന്‍ പരീക്ഷകളാണ് മാറ്റിയത്. പുതിയ തീയ്യതി പരീക്ഷ നടക്കുന്നതിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിക്കും. കോവിഡ് വ്യാപനത്തിനിടയിലും പ്രധാനമന്ത്രിയുള്‍പ്പെടേയുള്ളവ ബംഗാളില്‍ മെഗാറാലികളും റോഡ്‌ഷോകളും നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് റാലികള്‍ റദ്ദാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം. വന്‍ റാലികള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഴത്തില്‍ ചിന്തിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...