ഗൂഗിളിന്റെ പരസ്യ കണക്കിൽ ബിജെപി രണ്ടാമത്, കോൺഗ്രസ് അഞ്ചാമത്

political-parties
SHARE

ദിവസങ്ങളോളം നീണ്ടുനിന്ന പ്രചാരണങ്ങൾക്ക് ശേഷം കേരളത്തിൽ ഏപ്രിൽ 6ന് വോട്ടിങ് നടന്നു. ഇനി മെയ് രണ്ടുവരെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന, നടക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കേന്ദ്രം ഭരിക്കുന്ന എൻഡിഎയും യുപിഎയും സജീവമായി രംഗത്തുണ്ട്. എന്നാൽ, ഗൂഗിളിന്റെ ചില കണക്കുകളിൽ മുന്നിട്ടുനിൽക്കുന്നത് ബിജെപിയും മറ്റു ചില പാർട്ടികളുമാണ്. കോൺഗ്രസ് ഇക്കാര്യത്തിൽ ബഹുദൂരം പിന്നിലുമാണ്.

രാജ്യത്തെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രചാരണങ്ങൾക്കായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിവിധ പാർട്ടികൾ ചെലവാക്കിയ പണത്തിന്റെ കണക്കുകൾ ഗൂഗിൾ പുറത്തുവിട്ടു. 2019 ഫെബ്രുവരി മുതൽ 2021 ഏപ്രിൽ 6 വരെ രാജ്യത്തെ വിവിധ പാർട്ടികൾ പരസ്യങ്ങൾക്കായി ഉപയോഗിച്ചത് 67.41 കോടി രൂപയാണ്. 22,404 പരസ്യങ്ങള്‍ക്കായാണ് ഇത്രയും പണം ചെലവാക്കിയത്.

ഗൂഗിളിന്റെ വിവിധ പ്ലാറ്റ്ഫോമുകളിലായാണ് ഈ പരസ്യം കാണിച്ചിരുന്നത്. രാഷ്ട്രീയ പരസ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയത് തമിഴ്നാടാണ്. തമിഴ്നാട് 31.87 കോടി രൂപയാണ് പരസ്യത്തിനായി ചെലവിട്ടത്. ഡൽഹിയാണ് രണ്ടാം സ്ഥാനത്ത് (6.44 കോടി രൂപ). എന്നാൽ, കഴിഞ്ഞ ദിവസം വോട്ടിങ് നടന്ന കേരളത്തില്‍ ആകെ ചെലവാക്കിയത് 63 ലക്ഷം രൂപ മാത്രമാണ്.

ഓൺലൈനിൽ കാര്യമായി പ്രചാരണം നടത്തുന്നതിൽ മുന്നിട്ടുനിൽക്കുന്ന പാർട്ടികളിൽ ഒന്ന് ബിജെപി തന്നെയാണ്. രണ്ടു വർഷത്തിനിടെ ബിജെപി ചെലവാക്കിയത് 17.27 കോടി രൂപയാണ്. എന്നാൽ ബിജെപിയേക്കാൾ മുന്നിൽ നിൽക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ഡിഎംകെയാണ്. ഡിഎംകെ ചെലവാക്കിയത് 20 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ളത് തമിഴ്നാട്ടിൽ നിന്നുള്ള എഐഡിഎംകെയാണ് (7 കോടി രൂപ). എന്നാൽ, പട്ടികയിൽ നാലാം സ്ഥാനത്തും ഡിഎംകെ തന്നെയാണ്. നാലാം സ്ഥാനത്തുള്ള ഡിഎംകെ 4.1 കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. എന്നാൽ, രാജ്യത്തെ മുന്‍നിര പാർട്ടിയായ കോൺഗ്രസ് ചെലവാക്കിയത് കേവലം 2.7 കോടി രൂപ മാത്രമാണ്.

കേരളത്തിൽ നിന്നുള്ള മുൻനിര പാർട്ടിയായ സിപിഎം രണ്ടു വർഷത്തിനിടെ ചെലവാക്കിയത് 16 ലക്ഷം രൂപയാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പരസ്യങ്ങൾക്കായി മുടക്കുന്ന തുക എത്രയെന്ന് ഗൂഗിളും ഫെയ്സ്ബുക്കും വെളിപ്പെടുത്താൻ തുടങ്ങിയത് 2019 ഫെബ്രുവരി മുതലാണ്. അന്നു മുതലുള്ള ഡേറ്റ ഇന്റർനെറ്റിൽ ലഭ്യമാണ്. 2019 ഫെബ്രുവരി മുതൽ ഇതുവരെ ഫെയ്സ്ബുക്കിന് ഇന്ത്യയിൽനിന്നു മാത്രം ലഭിച്ചത് 100 കോടിയോളം രൂപയാണ്.

English Summary: Google political advertising: Tamil Nadu parties have deep pockets for online campaigns

MORE IN INDIA
SHOW MORE
Loading...
Loading...