വിവാഹാഘോഷങ്ങളിൽ മദ്യം വിളമ്പുന്നത് എതിർത്താൽ പാരിതോഷികം; വധുക്കൾക്ക് 10,001 രൂപ

Representational Image

വിവാഹാഘോഷങ്ങളിൽ മദ്യം വിളമ്പുന്നതിനെ എതിർക്കുന്ന വധുക്കൾക്ക് 10,001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പൊലീസ്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ദേവപ്രയാഗ് പൊലീസ് ഉദ്യോഗസ്ഥരാണ് വേറിട്ട ഈ ആശയത്തിനു പിന്നിൽ. അമിത മദ്യപാനവും  അനുബന്ധ കുറ്റകൃത്യങ്ങളും  ഇല്ലാതാക്കുകയാണ് ലക്ഷ്യം. പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഒരുമിച്ച് ഈ തുക പിരിച്ച് വധുവിന് നൽകുകയാണ് ചെയ്യുക.

നഗരവൽക്കരണം മൂലം ഗ്രാമങ്ങളിലെ ആഘോഷങ്ങളിൽ പോലും മദ്യം ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നായി മാറിയെന്നും പലപ്പോഴും ഇത് വഴക്കിലേക്കും സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തിലേക്കും വഴിമാറുന്നുവെന്നും സ്റ്റേഷനിലെ മഹിപാൽ റാവത്ത് ന്ന ഉദ്യോഗസ്ഥൻ പറയുന്നു. ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കി ആചാരങ്ങളിലും സംസ്കാരത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആളുകളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമത്തിലെ മറ്റുള്ളവർ അത് ചെയ്യുമ്പോൾ, തങ്ങളുടെ മക്കളുടെ വിവാഹത്തിനും അത്തരം പാർട്ടികൾ നടത്തണം എന്ന് മറ്റുള്ളവരും ചിന്തിക്കുന്നു.വധുക്കൾക്ക് പാരിതോഷികം നൽകുന്നത് ഒരു മാതൃകയാകുമെന്നും ഇത് ലഭിക്കാൻ അത്തരം പാർട്ടികൾ വേണ്ടെന്ന് വയ്ക്കാൻ ആളുകൾ തീരുമാനിക്കുകയും ചെയ്യുമെന്നും റാവത്ത് പറയുന്നു.

മദ്യ വിരുദ്ധ പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് പതിവായി നടക്കാറുണ്ട്. കഴിഞ്ഞ വർഷം, സംസ്ഥാനത്തെ താരോളി ബ്ലോക്കിലെ ചമോലിയിലെയും, പിത്തോറഗർഹിലെ ദിദിഹാത്ത് ഡിവിഷനിലെയും വനിതകൾ അവരുടെ ഗ്രാമങ്ങളിലെ മദ്യ ഉപഭോഗം നിരോധിക്കാനുള്ള നീക്കത്തിന് തുടക്കമിട്ടിരുന്നു.