80 കോടിയുടെ വൈദ്യുതി ബിൽ..!; 80–കാരൻ ആശുപത്രിയിൽ; ഒടുവിൽ..?

80 കോടി രൂപയുടെ വൈദ്യുതി ബിൽ. ഇത് കണ്ടതിന്റെ ഞെട്ടലിൽ 80–കാരൻ ആശുപത്രിയിലായി. ബില്‍ കണ്ടതിന്റെ ഞെട്ടലില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് 80കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷേ ബില്ലിൽ തുക രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് സംഭവത്തിന് കാരണമായത്. 

മഹാരാഷ്ട്രയിലെ നളസോപാറ നഗരത്തിലാണ് സംഭവം. 80 വയസുകാരനായ ഗണപത് നായിക്കിനാണ് 80 കോടി രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചത്. അരി പൊടിക്കുന്ന മില്‍ ഗണപത് നായിക്ക് നടത്തുന്നുണ്ട്. ഇതിന്റെ വൈദ്യുതി ബില്‍ കണ്ടതിന്റെ ഞെട്ടലിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗണപത് നായിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് ബില്ലില്‍ വന്ന പാകപ്പിഴയാണെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി വിതരണ കമ്പനി അറിയിച്ചു. തിരുത്തിയ ബില്‍ ഉടന്‍ തന്നെ നല്‍കി. മീറ്റര്‍ റീഡിംഗ് ഏജന്‍സിയുടെ ഭാഗത്ത് നിന്ന് വന്ന തെറ്റാണെന്നും കമ്പനി അറിയിച്ചു.

ആറക്കമുള്ള തുക രേഖപ്പെടുത്തിയ ബില്‍ നല്‍കുന്നതിന് പകരം എട്ടക്കമുള്ള ബില്ലാണ് നല്‍കിയത്. ഇലക്ട്രിസിറ്റി മീറ്റര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗണപത് നായിക്കിന് പുതിയ ബില്‍ നല്‍കിയതായും അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതായും കമ്പനി അറിയിച്ചു.