അസം സംഘർഷഭൂമിയിൽ യൂത്ത് ലീഗ് സംഘം; വർഗീയ ധ്രുവീകരണ ശ്രമം: നേതാക്കള്‍

ck-subair-assam
SHARE

അസം മിസോറം അതിർത്തിയിലെ സംഘർഷ ബാധിത പ്രദേശമായ  കച്ചാർതർ ഗ്രാമത്തിൽ സമാധാന ദൗത്യവുമായി യൂത്ത് ലീഗ് ദേശീയ നേതൃസംഘം. ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി സി കെ സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് കലാപകാരികൾ ചുട്ടെരിച്ച ഗ്രാമങ്ങളിൽ യൂത്ത് ലീഗ് സംഘം എത്തിയത്. ഹൈ ലാകണ്ടി ജില്ലയിലെ കട്ടിൽച്ചെറ റവന്യൂ സർക്കിൾ രാംനാഥ് പുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കച്ചർ തർ ഗ്രാമം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമണങ്ങളിൽ നൂറിൽ പരം വീടുകളാണ് ഇവിടെ ചുട്ടെരിച്ചത്.20 ലധികം പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അസം മിസോറം അതിർത്തിയിലെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കിടയിൽ 1996 മുതൽ നില നിൽക്കുന്ന അതിർത്തി തർക്കങ്ങളെ തുടർന്ന് സംഘർഷങ്ങൾ പലപ്പോഴും നടക്കാറുണ്ട്. ഇത് പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണമായും പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം ഉടലെടുക്കുന്നത്. 

കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ഥിതിഗതികൾ ശാന്തമായിരുന്നു. പൊടുന്നനെ സംഘടിച്ചെത്തിയ അക്രമികൾ വീടുകൾ ചുട്ടെരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എൻ.ആർ.സിയിൽ പൗരത്വ രേഖകൾ ഹാജരാക്കി പൗരത്വ രജിസ്റ്ററിൽ ഇടം നേടിയവരുടെ തിരിച്ചറിയൽ രേഖകൾ തിരഞ്ഞുപിടിച്ച് കത്തിച്ചത് സംഭവത്തിനു പിന്നിലെ ഗൂഡാലോചന വ്യക്തമാക്കുന്നതായി നാട്ടുകാർ പറഞ്ഞു.  

ck-subair-three

ഇപ്പോഴും സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ   അസം പോലീസിൻ്റെയും സി ആർ പി എഫിൻ്റെയും സുരക്ഷാവലയത്തിലാണ് നേതാക്കളെത്തിയത്. പട്ടാള നിരീക്ഷണത്തിലുള്ള ചില പ്രദേശങ്ങളിലേക്ക് പോകാൻ സംഘത്തിന് അനുമതി നിഷേധിച്ചു. ഏതു നിമിഷവും ഒരു അക്രമം പ്രതീക്ഷിച്ച് ഭയചകിതരായി കഴിയുന്ന ഗ്രാമവാസികളുമായി നേതാക്കൾ സംസാരിച്ചു.

പരിക്കേറ്റ് സിൽച്ചർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ  സന്ദർശിച്ച നേതാക്കൾ പോലീസ് അധികാരികളുമായും ചർച്ച നടത്തി. ഡി വൈ എസ് പി നോബോമിത ദാസിനെ നേരിൽ കണ്ട നേതാക്കൾ അക്രമികൾക്കെതിരെ കർശന നടപടി വേണമെന്നും പ്രദേശത്ത് താമസിക്കുന്ന ഇരകളുടെ  കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രധിക്ഷേധിച്ച് സമീര റെയിൽവേ ലൈനിൽ പ്രാദേശിക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരത്തിലും നേതാക്കൾ പങ്കെടുത്തു. അസം മുസ്ലിം ലീഗ് കോഡിനേറ്റർ അഡ്വ: ബുർഹാനുദീൻ ബർ വയ്യ, എം.എസ്.എഫ് അസം സംസ്ഥാന പ്രസിഡണ്ട് തൗസീഫ് അഹമ്മദ്, ദാഹർ ഖാൻ, സുഹൈൽ ഹുദവി എന്നിവർ നേതാക്കളോടൊപ്പം ഉണ്ടായിരുന്നു.

ck-subair-two

കലാപത്തിൽ വീടുകൾ നഷ്ടമായവർക്ക് അർഹമായ നഷ്ട പരിഹാരം ഉറപ്പാക്കാൻ  മുസ്ലിം ലീഗ്  രംഗത്ത്  വരുമെന്ന് നേതാക്കൾ പറഞ്ഞു. തിരിച്ചറിയൽ രേഖകൾ നഷ്ടമായവർക്ക് അടിയന്തിരമായി രേഖകൾ ലഭ്യമാക്കാൻ വേണ്ട നിയമ സഹായം പാർട്ടി നൽകും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അസമിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ പറഞ്ഞു. എൻ ആർ സി യിൽ രേഖകൾ ഹാജരാക്കിയവർക്ക് പൗരത്വവും വോട്ടവകാശവും നിക്ഷേധിക്കാനുള്ള ഗൂഡാലോചന ഇതിൻ്റെ പുറകിലുണ്ട്. വീടുകളും പള്ളികളും അക്രമിച്ച് തീയിട്ട് നശിപ്പിക്കുന്നതിന് പിന്നിൽ വർഗീയ ലക്ഷ്യങ്ങളുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ അസമിലെ ബി ജെ പി സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...