‘40 ലക്ഷം കോടി മോദിയുടെ 2 കൂട്ടുകാർക്ക്’; തലപ്പാവ് കെട്ടി കർഷകർക്കൊപ്പം രാഹുൽ

വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കിയാൽ അതു കർഷകരെ മാത്രമല്ല, മറിച്ചു രാജ്യത്തെ 40 ശതമാനം ആളുകളെ പ്രതികൂലമായി ബാധിക്കുമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമങ്ങള്‍ പിന്‍വലിക്കാൻ കേന്ദ്രസർക്കാർ തയാറാകണം. അല്ലെങ്കിൽ കർഷകരും തൊഴിലാളികളും തങ്ങളുടെ ശക്തി എന്താണെന്നു പ്രധാനമന്ത്രിക്കു വ്യക്തമാക്കി കൊടുക്കും. രാജസ്ഥാനിൽ വിവിധ കർഷക മഹാപഞ്ചായത്തുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൃഷിയുമായി ബന്ധപ്പെട്ടു ജീവിതമാർഗം കണ്ടെത്തുന്ന ചെറുകിട ബിസിനസുകാർ, കച്ചവടക്കാർ, കൃഷിക്കാർ, തൊഴിലാളികൾ എന്നിവർക്കായി ലഭിച്ചുകൊണ്ടിരിക്കുന്ന 40 ലക്ഷം കോടി രൂപ പ്രധാനമന്ത്രിയുടെ രണ്ടു സുഹൃത്തുക്കളുടെ കൈകളിലേക്ക് എത്തിക്കാനാണ് നിയമം സഹായിക്കുക. ഇരുട്ടിൽ കർഷകരാണ് ദീപം തെളിയിച്ചിരിക്കുന്നത്. ഇതു കർഷകരുടെ മാത്രം സമരമല്ല. മറിച്ച് ഇന്ത്യയുടെ സമരമാണ്. നോട്ടു നിരോധനത്തിനും ജിഎസ്ടിക്കും ശേഷം രാജ്യത്തെ ജനത്തിനു നൽകിയിരിക്കുന്ന മറ്റൊരു പ്രഹരമാണു മൂന്നു കൃഷി നിയമങ്ങളും. ചൈനയ്ക്കു മുന്നിൽ മുട്ടിടിക്കാതെ നിൽക്കാൻ പ്രധാനമന്ത്രിക്കു കെൽപ്പില്ല. എന്നാൽ കർഷകരെ ഭീഷണിപ്പെടുത്താൻ മടിയുമില്ല. കർഷകരുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണു മോദി പറയുന്നത്. നിങ്ങൾ അവരുടെ ഭൂമിയും ഭാവിയും തട്ടിയെടുക്കുകയാണ്. എന്നിട്ട് എന്തിനെക്കുറിച്ചു സംസാരിക്കാമെന്നാണു പറയുന്നത്– രാഹുൽ ചോദിച്ചു.

ശ്രീഗംഗാനഗർ ജില്ലയിലെ പദംപുരിൽ സിക്കുകാരെപ്പോലെ തലപ്പാവ് അണിഞ്ഞായിരുന്നു രാഹുൽ റാലിയിൽ പങ്കെടുത്തത്. ഹനുമാൻഗഡ് ജില്ലയിലെ പിലിബംഗയിൽ നടന്ന കർഷക സമ്മേളനത്തിലും ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ശനിയാഴ്ച അജ്മേർ ജില്ലയിലെ തേജാജി ക്ഷേത്രത്തിൽ രാഹുൽ ദർശനം നടത്തുന്ന രാഹുൽ തുടർന്നു കർഷകരുമായി സംവദിക്കും. രൂപാൻഗഡ്, മക്രാന എന്നിവിടങ്ങളിൽ കർഷ സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കും.