‘ട്രാക്ടർ റാലി തകിടം മറിക്കാൻ 308 വ്യാജ ട്വീറ്റുകൾ’; പിന്നിൽ പാക്കിസ്ഥാനെന്നും വാദം

tractor-rally
SHARE

ട്രാക്ടർ റാലി തകിടം മറിക്കാൻ മുന്നൂറ്റിയെട്ട് വ്യാജ ട്വിറ്ററുകളെന്ന് പൊലീസ്. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമൂഹമാധ്യമങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തിയതെന്നാണ് വിവരം. പാക്കിസ്ഥാനാണ് വ്യാജ ട്വിറ്ററുകൾക്ക് പിന്നിലെന്നാണ് ഇന്റലിജൻസിന്റെയും അന്വേഷണ ഏജൻസികളുടെയും വാദം. 

റിപ്പബ്ലിക്ക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലിയെ സംഘടിതമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്. ഇതിനായി ഈ അക്കൗണ്ടുകളിൽ നിന്ന് സ്പർദ്ധയുളവാക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. 

ഡൽഹി പൊലീസിൽ നിന്ന് കർഷകർക്ക് ട്രാക്ടർ റാലിക്കായി മുൻകൂർ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ നിയമ വ്യവസ്ഥകൾ പാലിച്ചാകണം റാലിയെന്ന് പ്രത്യേക താക്കീതും കര്‍ഷകർക്കുണ്ട്. സിംഗു, ഗാസിപൂർ അതിർത്തികൾ വഴി ഡൽഹിയിലേക്ക് കർഷകർക്ക് പ്രവേശിക്കാനുളള അനുമതിയാണ് പൊലീസ് നൽകിയിരിക്കുന്നത്.

ഇതിനിടെ, റിപ്പബ്ളിക്ദിനത്തിലെ ട്രാക്ടര്‍ റാലിക്കുള്ള റൂട്ട് മാപ്പ് പൊലീസിന് സമര്‍പ്പിച്ച് കര്‍ഷകസംഘടനകള്‍. പൊലീസുമായി ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് റൂട്ട് മാപ്പ് തയാറാക്കിയത്. അനുമതിക്ക് കര്‍ശന ഉപാധികളാണ് ഡല്‍ഹി പൊലീസ് മുന്നോട്ടുവച്ചിരിക്കുന്നത്. അനുമതി രേഖാമൂലം വേണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. പഞ്ചാബിൽ നിന്ന് മാത്രം ഒരു ലക്ഷം ട്രാക്ടറുകൾ റാലിയുടെ ഭാഗമാകുമെന്ന് ഭാരതീയ കിസാൻ യൂണിയന്‍ അറിയിച്ചു.

സിംഘു അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ ബവാനയിലൂടെയും തിക്രിയിൽ നിന്നുള്ളവർ  ബാദ്‌ലി വഴിയും റാലി നടത്തി സമരഭൂമിയില്‍ മടങ്ങിയെത്തുന്ന തരത്തിലാണ് ക്രമീകരണം. ഗാസിപുര്‍ സമരഭൂമിയിലെ കര്‍ഷകര്‍ അപ്സര വഴി ഗാസിയാബാദ് വരെ റാലി നടത്തും. റാലിക്ക് പൊലീസ് അകമ്പടിയുണ്ടാകും. രാജസ്ഥാൻ - ഹരിയാന അതിര്‍ത്തിയിലെ ഷാജഹാന്‍പുര്‍, ഡല്‍ഹി-ആഗ്ര അതിവേഗ പാതയിലെ പല്‍വല്‍ എന്നിവിടങ്ങളിലെ  സമരഭൂമികളിലും ട്രാക്ടര്‍ റാലി നടക്കും. േശീയപതാകയും കര്‍ഷകസംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാൻ അനുമതിയുണ്ട്. കാര്‍ഷികസംസ്‌കാരം ദൃശ്യവത്കരിക്കുന്ന നിശ്ചലദൃശ്യങ്ങളുമുണ്ടാകും. അതേസമയം, സമരം 60–ാം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരും കര്‍ഷകസംഘടനകളും തമ്മിലുള്ള ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്. സമരം പിന്‍വലിച്ചാല്‍ ഒന്നരവര്‍ഷം വരെ നിയമങ്ങള്‍ മരവിപ്പിച്ച് നിര്‍ത്താമെന്ന ഉപാധിക്കപ്പുറം വഴങ്ങാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, മൂന്നുനിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. 

ട്രാക്ടര്‍റാലിയില്‍ കൂടുതല്‍ കരുത്ത് തെളിയിച്ച് കേന്ദ്രത്തിന്മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് സംഘടനകളുടെ ആലോചന.

MORE IN INDIA
SHOW MORE
Loading...
Loading...