‘എപ്പിക്കാരിക്കസി’; ഓസ്ട്രേലിയയെ ഒന്നു കൂടി തകര്‍ത്ത് തരൂർ; അർഥം ഇങ്ങനെ

ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷനും ഗോൺസോയുമൊക്കൊ കേട്ട് കിളി പോയിവർക്കിതാ പുതിയൊരു വാക്ക് കൂടി സമ്മാനിച്ച് ശശി തരൂർ. ഇത്തവണ വാക്കിന്റെ ചൂടറിയുന്നത് ഓസ്ട്രേലിയയാണ്. ഇന്ത്യയുടെ ചരിത്രവിജയത്തിന് പിന്നാലെയാണ് തരൂരിന്റെ വാക്ക്. ‘എപ്പിക്കാരിക്കസി’ എന്ന വാക്കാണ് തരൂർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. ഇന്ത്യയ്ക്കെതിരെ പടപൊരുതി തോറ്റ ഓസ്ട്രേലിയയോടാണ് തരൂർ ഇത് പറഞ്ഞതെങ്കിലും എന്താണ് സംഭവമെന്ന ആകാംക്ഷയിലാണ് പലരും. 

ബ്രിസ്ബേനിലെ ടെസ്റ്റിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയെ നോക്കി തരൂർ പറഞ്ഞ വാക്കിന്റെ അർത്ഥമിതാണ്. മറ്റുളളവരുടെ നിർഭാഗ്യത്തിൽ നിന്നുണ്ടാകുന്ന സന്തോഷം. തോറ്റതിന്റെ ക്ഷീണവും പോരാഞ്ഞിപ്പോൾ തരൂരിന്റെ ഇടിവെട്ട് വാക്ക് കൂടിയായപ്പോൾ ഓസ്ട്രേലിയ കൂടുതൽ ക്ഷീണിച്ചിരിക്കാം എന്നാണ് സമൂഹമാധ്യമങ്ങളിലെ അടക്കം പറച്ചിൽ. ട്വിറ്ററിൽ പ്രതികരിച്ച അദ്ദേഹം വാക്കിനോടൊപ്പം ഇന്ത്യയുടെ തോൽവി പ്രവചിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റർമാരുടെ ഗ്രാഫിക്കുകളും പങ്കുവച്ചു. 

1988 മുതൽ ഓസ്ട്രേലിയ നിലനിർത്തി കൊണ്ടുപോരുന്ന വിജയമാണ് ഇന്ത്യ തകർത്തത്. . 328 റണ്‍സ് വിജയലക്ഷ്യം 18 പന്ത് ബാക്കിനില്‍ക്കെ  മറികടന്നു. 89 റണ്‍സുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ടെസ്റ്റ് പരമ്പര 2–1ന് സ്വന്തമാക്കിയ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്കര്‍ കിരീടം നിലനിര്‍ത്തി.