‘വലുത് സംഭവിക്കാന്‍ പോകുന്നു’; അർണബിന്റെ ചാറ്റ്; ബാലാക്കോട്ടും നേരത്തേ അറിഞ്ഞു

മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്ങ് കമ്പനിയായ ബാർകിന്റെ മുൻ സി.ഇ.ഒയ പാർഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബാലാക്കോട്ട് ആക്രമണം അർണബ് മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് ചാറ്റുകൾ സൂചിപ്പിക്കുന്നുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.  'നമ്മൾ ഇത്തവണ ജയിക്കും' എന്നായിരുന്നു പുൽവാമ ആക്രണമണം അറിഞ്ഞതിനു ശേഷം അർണബിന്റെ പ്രതികരണം. 2019 ഫെബ്രുവരി 23ന് നടന്ന ചാറ്റുകളാണ് പുറത്തുവന്നത്.

2019 ഫബ്രുവരി 14 ന് നടന്ന പുല്‍വാമ ആക്രമണത്തിൽ 40 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. പാക്കിസ്താനുള്ള തിരിച്ചടിയായി ഇന്ത്യ നടത്തിയ ബാലാക്കോട്ട് ആക്രമണം 3 ദിവസം മുൻപേ അർണബ് അറിഞ്ഞിരുന്നുവെന്നും ചാറ്റുകൾ സൂചിപ്പിക്കുന്നു. 'വലിയ എന്തെങ്കിലും സംഭവിക്കും' എന്നാണ് ആക്രമണത്തിന് മൂന്നു ദിവസം മുൻപ് അര്‍ണബ് പറയുന്നത്. 

സംഭാഷണം ചുവടെ:

അർണബ് ഗോസ്വാമി: എന്തെങ്കിലും വലുത് സംഭവിക്കും

പാർഥോ ദാസ് ഗുപ്ത: ദാവൂദ്?

അർണബ് ഗോസ്വാമി: അല്ല സാർ, പാക്കിസ്താൻ.. എന്തെങ്കിലും വലുത് ഇത്തവണ നടക്കും

പാർഥോ ദാസ് ഗുപ്ത: കൊള്ളാം

പാർഥോ ദാസ് ഗുപ്ത: ഇപ്പോൾ ആ വലിയ മനുഷ്യന് ഇത് വളരെ നല്ലതാണ്​. അദ്ദേഹം തിരഞ്ഞെടുപ്പ്​തൂത്തുവാരും. സ്ട്രൈക്കോ അതോ അതിലും വലുതോ?

അർണബ് ഗോസ്വാമി: സ്ട്രൈക്കിനേക്കാൾ വലുത്. കശ്മീരിനെ സംബന്ധിച്ച് വളരെ വലുത്. 

പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് തങ്ങളുടെ വിജയമായാണ് അർണബ് പറയുന്നത്. നിരവധി പ്രമുഖർ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിലും കേന്ദ്രത്തിലുമുള്ള അർണബിന്റെ ബന്ധം അടിവരയിടുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 

റേറ്റിങ് തട്ടിപ്പു കേസിൽ ജയിലിലാണ് പാർഥോ ദാസ് ഗുപ്ത ഇപ്പോൾ. സെറ്റ് ടോപ് ബോക്സുകളിൽ പ്രത്യേക സോഫ്റ്റ്‍വെയർ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അർണബിനോട് അഭ്യർഥിക്കുന്നന്നതും ചാറ്റിൽ ഉണ്ട്.