പരിഹാസം കനത്തു; ഗാംഗുലി അഭിനയിച്ച എണ്ണയുടെ പരസ്യം പിൻവലിച്ച് അദാനി

ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി മുഖമായ പരസ്യം പിൻവലിച്ച് അദാനി വിൽമർ. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം എന്ന ആശയത്തിൽ ഫോർച്യൂൺ ഓയിലിന്റെ പരസ്യത്തിൽ ഗംഗുലി അഭിനയിച്ചിരുന്നു. അദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലായതോടെ ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഇതോെടയാണ് ഈ പരസ്യം പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ. പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍പരിഹാസമാണ് ഉയര്‍ന്നത്. ഈ സാഹതര്യത്തിലാണ് പിന്‍മാറ്റമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന  സൗരവ് ഗാംഗുലി നാളെ വീട്ടിലെത്തും. ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും ദിവസം തോറും ആരോഗ്യനിലയിലെ പുരോഗതി പരിശോധിക്കുമെന്നും കൊല്‍ക്കത്ത വുഡ്‍ലാന്‍ഡ്സ് ആശുപത്രി സിഇഒ രുപാലി ബസു അറിയിച്ചു. കൊല്‍ക്കത്തയിലെ വീട്ടിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുമ്പോള്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാംഗുലിയെ ഫോണില്‍ വിളിച്ച് സൗഖ്യം നേര്‍ന്നിരുന്നു.