‘കർണാടകയിൽ ഗോവധ നിരോധനം’; ബിൽ അടുത്തമാസം അവതരിപ്പിക്കും; പുതിയ നീക്കം

കർണാടകയിൽ ഗോവധം നിരോധിക്കാനുള്ള ബിൽ പാസാക്കാനൊരുങ്ങി യഡിയൂരപ്പ സർക്കാർ. ഡിസംബർ 7ന് ആരംഭിക്കുന്ന ശൈത്യകാല നിയമസഭാ സമ്മേളനത്തിൽ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പശുക്കളെ ഇറച്ചിക്കായി കൊല്ലുന്നത്, ബീഫിന്റെ ഉപയോഗം, വിൽപ്പന, അനധികൃതമായി കന്നുകാലികളെ കടത്തൽ, സംസ്ഥാനത്തിന് പുറത്ത് നിന്ന് ബീഫ് വാങ്ങുന്നതിനും വിൽക്കുന്നതിനും എന്നിവയ്ക്കെതിരെയാണ് ഈ ബിൽ. ഗോവധം നിരോധിക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ബിജെപി പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. 

കർണാടകയിൽ ഗോവധ നിരോധനം ഉടൻ യാഥാർഥ്യമാകുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയും വ്യക്തമാക്കിയിരുന്നു. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ച നിയമം പാസാക്കുമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർണാടക മുൻ‌ മന്ത്രി കൂടിയായ സി.ടി. രവി പറഞ്ഞു. മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് സി.ടി. രവി.വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കർണാടകയിൽ നിയമം പാസാക്കുമെന്നും നേരത്തെ രവി വ്യക്തമാക്കിയിരുന്നു.