പണികൊടുത്ത് ഇന്ത്യ; ചൂടറിഞ്ഞത് ചൈനീസ് കമ്പനികൾ; കുടുങ്ങിയത് ഫോൺ നിർമാതാക്കളും

china-india-move
SHARE

ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക് വസ്തുക്കളുടെ ഗുണനിലവാരം കർശനമായി നിയന്ത്രിക്കുന്നത് തുടരുകയാണ്. ഇതുകാരണം കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിലെ ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലിന്റെ ഇറക്കുമതി മന്ദഗതിയിലാക്കുകയും ഷഓമി പോലുള്ള മറ്റു ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയായെന്നും റിപ്പോർട്ട്.

ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്) പോലുള്ള ഏജന്‍സികളുടെ അനുമതി ചൈനീസ് കമ്പനികൾക്ക് വൈകുന്നതായാണ് റിപ്പോർട്ട്. ഇതുമൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പല ചൈനീസ് കമ്പനികള്‍ക്കും മൊബൈല്‍ അടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറെ വൈകിയാണു ലഭിക്കുന്നത്. അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിനു തിരിച്ചടിയായി രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടുകളുടെ ഫലമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറക്കുമതിയിലൂടെ രാജ്യത്ത് എത്തുന്ന ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളുടെ വരവ് തടയുമെന്നും ഗുണനിലവാരം ഉറപ്പാക്കുമെന്നും കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബി‌ഐ‌എസ് നുള്ള അപേക്ഷകൾ സാധാരണയായി 15 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യാറുണ്ട്, എന്നാൽ ചിലത് ഇപ്പോൾ രണ്ട് മാസമോ അതിൽ കൂടുതലോ എടുക്കുന്നുണ്ട്. ചൈനയിൽ നിർമിച്ച സ്മാർട് ഫോണുകൾ, സ്മാർട് വാച്ചുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള അംഗീകാരം ഓഗസ്റ്റിലാണ് ബി‌ഐ‌എസ് വൈകിപ്പിക്കാൻ തുടങ്ങിയത്. ഇതോടൊപ്പം തന്നെ ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനുള്ള നിയമങ്ങളും  ഇന്ത്യ കർശനമാക്കി. ടെക് ഭീമന്മാരായ ടെൻസെന്റ്, അലിബാബ, ബൈറ്റ്ഡാൻസ് എന്നിവയുൾപ്പെടെ ഇരുന്നൂറുകണക്കിന് ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇന്ത്യ നിരോധിച്ചത്. ചൊവ്വാഴ്ച 43 ആപ്ലിക്കേഷനുകൾ കൂടി നിരോധിച്ചു.

ആപ്പിളിന്റെ പുതിയ ഐഫോൺ 12 കാലതാമസത്തിൽ അകപ്പെട്ടപ്പോൾ അംഗീകാരം വേഗത്തിലാക്കാൻ ആപ്പിൾ ഇന്ത്യ എക്സിക്യൂട്ടീവുകൾ ബി‌എസിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ അസംബ്ലിങ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത് തുടരുമെന്നാണ് ആപ്പിളും ചൈനീസ് സ്മാർ‌ട് ഫോൺ കമ്പനികളും അറിയിച്ചിരിക്കുന്നത്.

ആപ്പിളിന് ഇന്ത്യയിൽ അസംബ്ലിങ് പ്ലാന്റുകളുണ്ട്. എന്നാൽ പുതിയ മോഡലുകളും ഐഫോൺ 12 ഉം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇവിടത്തെ കരാർ നിർമാതാക്കളാണ് ആപ്പിളിന്റെ ഉപകരണങ്ങളിൽ ഭൂരിഭാഗവും നിർമിക്കുന്നത്. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കായി ബുധനാഴ്ച വരെ 1,080 അപേക്ഷകളിൽ തീർപ്പുകൽപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...