ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും ഷായും; ഉന്നമിടുന്നത് എന്ത്?

modi-shah-hydrabad
SHARE

കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഹൈദരാബാദില്‍ സംഭവിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെ പ്രമുഖ ബിജെപി നേതാക്കളാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. മുമ്പില്ലാത്ത വിധം ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്താണു ബിജെപി കളത്തിലിറങ്ങുന്നത്. ഹൈദരാബാദ് നഗരത്തിന്റെ മേയറെ നിശ്ചയിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിനാണ്. 

ബിജെപിയുടെ താരപ്രചാരകനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും പ്രചാരണത്തിനു വരുമെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു ദിവസമായി അസദുദ്ദീന്‍ ഒവൈസിയെ ഉള്‍പ്പെടെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടകയിലെ യുവനേതാവ് തേജസ്വി സൂര്യ പ്രചാരണത്തിനു കൊഴുപ്പു കൂട്ടുകയാണ്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് അനധികൃതമായി എത്തിയവര്‍ എന്നിവരുടെ വോട്ട് നേടി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നത്. 

മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനെ വെല്ലുവിളിക്കാനുള്ള ആദ്യപടിയായാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിനെ ബിജെപി പരിഗണിക്കുന്നത്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ പൊതു തിരഞ്ഞെടുപ്പുമാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ണാടകത്തിനു പിന്നാലെ ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഹൈദരാബാദിലെ വിജയം തുണയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. നഗരത്തിലെ 150 വാര്‍ഡുകളില്‍ നാലെണ്ണം മാത്രമാണ് കഴിഞ്ഞ തവണ ബിജെപിക്കു നേടാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ടിആര്‍എസ് 90 സീറ്റുകളും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റും നേടി. കോണ്‍ഗ്രസിനു രണ്ട് വാര്‍ഡും ടിഡിപിക്ക് ഒരു വാര്‍ഡുമാണ് ലഭിച്ചത്. 

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ബിജെപി ഹൈദരാബാദില്‍ ഇത്രയേറെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണമെന്താണെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം. കെസിആറിന്റെ ശക്തികേന്ദ്രമായിരുന്ന ദുബ്ബാക്ക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 1000 വോട്ടിനു വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആന്ധ്രയില്‍ കളം പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നാണു വിലയിരുത്തല്‍. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോഷമഹല്‍ സീറ്റ് മാത്രമാണു ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്.

2018 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ 17 സീറ്റില്‍ നാലെണ്ണം പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. ദുബ്ബാക്ക മണ്ഡലത്തില്‍ കെസിആറിന്റെ വലംകൈ ആയ ധനമന്ത്രി ഹരീഷ് റാവു പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചിട്ടും വിജയം നേടാന്‍ കഴിഞ്ഞത് ബിജെപി ക്യാംപില്‍ വലിയ ആത്മവിശ്വാസമാണു പകര്‍ന്നു നല്‍കിയിരിക്കുന്നത്.  സംസ്ഥാന വിഭജനത്തിനു ശേഷം തെലങ്കാനയില്‍ കോണ്‍ഗ്രസ് ദുര്‍ബലമായ സാഹചര്യത്തിലാണ് ബിജെപി കളംപിടിക്കാന്‍ കരുതിക്കൂട്ടി രംഗത്തിറങ്ങിയത്. 2019ലെ തിരഞ്ഞെടുപ്പിനു ശേഷവും പല കോണ്‍ഗ്രസ് എംഎല്‍എമാരും ടിആര്‍എസിലേക്കു ചേക്കേറിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...