വാക്സീന്‍ വിപരീതഫലവും വിവാദങ്ങളും; ഭയക്കേണ്ടതുണ്ടോ?: വിഡിയോ

Specials-HD-Thumb-Vaccine-Remya
SHARE

കോവിഡ് വാക്സീനെന്ന പ്രതീക്ഷ സഫലമാകാനുള്ള ദൂരം കുറയുന്തോറും വിപരീതഫലമെന്ന വിവാദവും ശക്തിപ്രാപിക്കുന്നു. കോവാക്സീനാണ് ഒടുവില്‍ വിപരീതഫലത്തിന്‍റെ വിവാദച്ചൂടിലെത്തി നില്‍ക്കുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്നതുകൊണ്ടുതന്നെ കോവിഡ് വാക്സീന്‍ എന്ന പ്രതീക്ഷയില്‍ ആദ്യം ഉയര്‍ന്നുകേട്ട പേരാണ് ഇത്. എന്നാല്‍ ഇപ്പോള്‍ അവസാനലാപ്പിലെത്തിയിരിക്കുന്ന പരീക്ഷണത്തിന്‍റെ ആദ്യഘട്ടത്തിലെ വിപരീതഫലമാണ് പുറത്തുവന്നത്. വിഡിയോ കാണാം.  

വിപരീതഫലം ഒളിച്ചുവച്ചോ? 

ഓഗസ്റ്റില്‍ നടന്ന പരീക്ഷണത്തിന്‍റെ വിപരീതഫലത്തെക്കുറിച്ച് ഇതുവരെ ആരും അറിയാതെ പോയതെന്തേ?  പരീക്ഷണം മൂന്നാംഘട്ടത്തിലെത്തിയപ്പോള്‍ ഇൗ ചോദ്യം ഉയരേണ്ടിവന്നതെന്തുകൊണ്ട്? ആര്‍ക്കാണ് പിഴവ് പറ്റിയത്? 

35 വയസുള്ള ആള്‍ക്ക് വാക്സീനെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ന്യൂമോണിയ ബാധിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ രോഗി ആശുപത്രി വിടുകയും ചെയ്തു. എന്നാല്‍ ഇത് വാക്സീന്‍ എടുത്തതുമൂലമല്ല എന്ന് വാക്സീന്‍ വികസിപ്പിക്കുന്ന ഭാരത് ബയോടെക് ആണയിടുന്നു. വിപരീതഫലമുണ്ടായാല്‍ റെഗുലേറ്ററി അതോറിറ്റിയെ അറിയിക്കണമെന്നാണ് ചട്ടം. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. വിപരീതഫലം വാക്സീന്‍ എടുത്തതുമൂലമല്ല എന്ന് വ്യക്തമായതിനാലാണ് പരീക്ഷണം നിര്‍ത്തിവയ്ക്കാതിരുന്നതെന്നും അറിയിക്കുന്നു. 

വിപരീതഫലമുണ്ടായാല്‍ നടപടിയെന്ത്? 

പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണം. തുടര്‍ന്ന് സുരക്ഷിതത്വം ഉറപ്പുവരുത്താനായാല്‍ മാത്രം തുടരാം. ലോകത്താകമാനം പരീക്ഷണത്തിന്‍റെ നടപടിക്രമം ഇതാണ്. എന്നാല്‍ ഒന്നാംഘട്ടത്തിന്‍റെ ഭാഗമായി നൂറില്‍ താഴെ ആളുകളിലാണ് വാക്സീന്‍ കുത്തിവയ്ക്കുക. ഇവരെല്ലാം കുത്തിവയ്പെടുത്ത് കഴിഞ്ഞശേഷമാണ് വിപരീതഫലം ഉണ്ടാകുന്നതെങ്കില്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുക എന്നത് സാങ്കേതികമായി പ്രാവര്‍ത്തികമാകില്ല. പുതിയതായി ആളുകള്‍ക്ക് വാക്സീന്‍ കുത്തിവയ്ക്കുന്നത് നിര്‍ത്തുകയാണ് െചയ്യുന്നത്. ഒന്നാം ഘട്ടത്തിലെ വോളണ്ടിയേഴ്സ്  എല്ലാം വാക്സീന്‍ എടുത്തുകഴിഞ്ഞെങ്കില്‍ നിര്‍ത്തിവയ്ക്കാനാകില്ല എന്ന് ചുരുക്കം. ആദ്യഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയില്‍ പരീക്ഷിക്കുന്ന വാക്സീനുകളെല്ലാം രണ്ടാംഡോസ് നല്‍കുന്നത്. ഇൗ രണ്ടാംഡോസിന് മുന്‍പ് സുരക്ഷിതത്വം ഉറപ്പാക്കാനായില്‍ ഫലത്തില്‍ പരീക്ഷണം നിര്‍ത്തേണ്ടിവരുന്നില്ല. ഇവിടേയും സംഭവിച്ചത് ഇതുതന്നെയാകാനാണ് സാധ്യത. വിപരീതഫലം എന്നത് വാര്‍ത്തയായില്ല എന്നതുമാത്രമാണ് അവശേഷിക്കുന്ന ചോദ്യം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സീനാണ് കോവാക്സീന്‍. ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി േചര്‍ന്നാണ് പരീക്ഷണം. ഒന്ന് രണ്ട് ഘട്ടങ്ങളിലെ പരീക്ഷണം പൂര്‍ണ വിജയമാണെന്ന് വിലയിരുത്തി മൂന്നാംഘട്ട പരീക്ഷണം  ആരംഭിച്ചുകഴിഞ്ഞു 

വിദേശത്തും വിപരീതഫലം

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓക്സ്ഫഡ് വാക്സീനിലും ഇത്തരത്തില്‍ വിപരീതഫലമുണ്ടായിട്ടുണ്ട്. രണ്ടുതവണ. രണ്ടാംതവണ മാത്രമാണ് വാര്‍ത്തയായത്. അവസാനഘട്ട പരീക്ഷണത്തിന്‍റെ ഭാഗമായി വാക്സീന്‍ സ്വീകരിച്ച ഒരാളിലായിരുന്നു രണ്ടാംതവണ വിപരീതഫലം. ട്രാന്‍സ്‌വേഴ്സ് മൈലറ്റീസ് എന്ന നാഡീസംബന്ധമായ രോഗമായിരുന്നു ഉണ്ടായത്. എന്നാല്‍ ഇത് വാക്സീന്‍ സ്വീകരിച്ചതുമൂലമല്ല എന്ന് കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ പരീക്ഷണം പുനരാരംഭിച്ചു. ഇന്ത്യയില്‍ ഇൗ വാക്സീന്‍റെ പരീക്ഷണം നടത്തുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണവും ഡിജിസിഐ ഇടപെട്ട് നിര്‍ത്തിവച്ചു. വിദേശത്തെ വിപരീതഫലം അറിയിച്ചില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. വിദേശത്ത് പരീക്ഷണം പുനരാരംഭിച്ച് മൂന്നു ദിവസത്തിനുശേഷമാണ് ഇന്ത്യയില്‍ വീണ്ടും തുടങ്ങിയത്. സുരക്ഷിതത്വം ഉറപ്പാക്കിയിട്ടും ആഴ്ചകള്‍ക്കുള്ളില്‍ മാത്രമാണ് യുഎസില്‍ ഇൗ വാക്സീന്‍റെ പരീക്ഷണം പുനരാരംഭിക്കാനായത്. വിദേശത്ത് അസ്ട്രാസെനകയാണ് ഇൗ വാക്സീന്‍ പരീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഇൗ വാക്സീന്‍ പരീക്ഷിച്ച ആരിലും തന്നെ ഇതുവരെ വിപരീതഫലമുണ്ടായിട്ടില്ല. ഒരാളില്‍ വിപരീതഫലമുണ്ടായതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ വിദേശത്തെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇൗ വാക്സീന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നില്ല. 

വിപരീതഫലം ഭയക്കേണ്ടതില്ല 

വാക്സീന്‍ പരീക്ഷണത്തില്‍ ഇത്തരം വിപരീതഫലങ്ങള്‍ സാധാരണയെന്നാണ് ലോകാരോഗ്യസംഘടനയടക്കം വിലയിരുത്തുന്നത്.  ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും ആരോഗ്യവിദ്ഗധരും അടിവരയിടുന്നു. ഇതില്‍നിന്ന് ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്സീനില്‍ യാതൊരുവിധ ആശങ്കയും ഉയര്‍ത്തുന്നില്ല എന്നുതന്നെയാണ് വ്യക്തമാകുന്നത്. 10 വര്‍ഷങ്ങള്‍ക്കപ്പുറമെടുത്ത് നടക്കുന്ന പരീക്ഷണം മാസങ്ങള്‍ക്കൊണ്ട് നടത്തേണ്ടിവരുന്നതിന്‍റെ വെല്ലുവിളിയുണ്ടെങ്കിലും, ഇതുവരെയുള്ള പരീക്ഷങ്ങള്‍ സുരക്ഷിതത്വം ഉറപ്പിച്ചുതന്നെയാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ കോവിഡിനെ തുരത്താന്‍ വാക്സീനെന്ന വിശ്വാസത്തില്‍ അടിയുറച്ചുതന്നെ നമുക്കും മുന്നോട്ടുപോകാം.

MORE IN INDIA
SHOW MORE
Loading...
Loading...