‘ചുമതലക്കാരന്‍’ മറഞ്ഞു; ആ ആത്മകഥ രാഷ്ട്രീയ ചരിത്രത്തിലെ വലിയ നഷ്ടം

ahmed-patel-1
SHARE

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലം, ഗുജറാത്തിൽനിന്നു റിപ്പോർട്ടു ചെയ്യാനുള്ള ദൗത്യവുമായി അവിടെയെത്തി. അഹമ്മദ് പട്ടേലിനെ അന്വേഷിച്ച് അഹമ്മദാബാദിലെ കോൺഗ്രസ് ഓഫിസിൽ പോയി ഒരു ദിവസം. (പാർട്ടി അത്യാവശ്യം ശക്തമാണെങ്കിലും ഓഫിസൊക്കെ കണക്കാണ്. ഒന്നിനും ഒരു കോ ഓർഡിനേഷനും ഇല്ലാത്ത അവസ്ഥ! ) അഹമ്മദ് പട്ടേൽ അങ്ങോട്ടേയ്ക്കൊന്നും വന്നിട്ടില്ല.

ബറൂച്ച് ആണ് അഹമ്മദ് പട്ടേലിന്റെ സാമ്രാജ്യം. അറബിക്കടൽ തീരത്തുള്ള നഗരം. മൂന്നു തവണ ബറൂച്ചിന്റെ എംപിയായിരുന്നു പട്ടേൽ, 1977 – 89 കാലത്ത്. കക്ഷിക്കു ജനകീയ അടിത്തറയില്ലെന്നൊക്കെ ആരോപിച്ചിരുന്ന പലർക്കും അറിയാത്ത കാര്യം. 77 ൽ ജയിക്കുമ്പോൾ 28 വയസ്സായിരുന്നു പ്രായം. ആ ലോക്സഭയിലെ ബേബി. 1989ലും 91 ലും തോറ്റപ്പോഴാണ് ജനകീയ തിരഞ്ഞെടുപ്പു പരിപാടി പട്ടേൽ ഉപേക്ഷിച്ചത്. 

തിരഞ്ഞുപിടിച്ച് ബറൂച്ചിലെ കോൺഗ്രസ് നേതാക്കളെ വിളിച്ചു. അഹമ്മദ് ഭായി പക്ഷേ സ്ഥലത്തില്ല. ഡൽഹിയിലാണ്. പിടിപ്പതു തിരക്കാണ്. ഇന്ത്യ ഷൈനിങ് ക്യാംപെയ്നുമായി വാജ്പേയി സർക്കാർ വീണ്ടും ഭരണത്തിലെത്തുമെന്ന് എല്ലാവരും കരുതുന്ന നാളുകൾ. കോൺഗ്രസിന് വലിയ പ്രതീക്ഷയില്ലെന്ന് അവർ പോലും കരുതിയ രാഷ്ട്രീയ അന്തരീക്ഷം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേ അഹമ്മദ് പട്ടേൽ നാട്ടിലെത്തൂ. അപ്പോഴേക്കും എനിക്കു തിരിച്ചു പോരുകയും വേണം. അങ്ങനെ ബറൂച്ച് യാത്ര ഒഴിവാക്കി. പക്ഷേ, കോൺഗ്രസുകാരുടെ പിറകെ നടന്ന് പട്ടേലിന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. പലതവണ വിളിച്ചപ്പോൾ ഒരു രാത്രി ഫോണിൽ കിട്ടി. 

ahmed-patel-sonia

ഇന്ത്യ ഷൈനിങ്ങൊക്കെ പൊള്ളയാണെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നും അവകാശപ്പെട്ടു. കേരളത്തിൽ എന്താകുമെന്ന് ഇങ്ങോട്ടു പ്രത്യേകം ചോദിച്ചറിഞ്ഞു. അന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. കേരളത്തിലെ ഗ്രൂപ്പ് പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നും സ്ഥിതി മെച്ചപ്പെടുമെന്നും ശുഭാപ്തി വിശ്വാസവും പങ്കുവച്ചു. ബറൂച്ചിൽ ജയം ഉറപ്പാണെന്നു പറഞ്ഞപ്പോൾ, എങ്കിൽ മൽസരിക്കാമായിരുന്നില്ലേ എന്നു ചോദിച്ചു. ഇതായിരുന്നു മറുപടി:  ‘മറ്റു ചുമതലകൾ ഒരുപാടുള്ളതുകൊണ്ടു വിട്ടുനിൽക്കുന്നതാണ്.’ 

ആ തിരഞ്ഞെടുപ്പിൽ, ഗുജറാത്തിൽ കോൺഗ്രസിനും ബിജെപിക്കും എല്ലാം കൂടി ഒരൊറ്റ മുസ്‍ലിം സ്ഥാനാർഥിയെ ഉണ്ടായിരുന്നുള്ളൂ – ബറൂച്ചിൽ  കോൺഗ്രസിന്റെ മുഹമ്മദ് ഫാൻസിവാല. സംഭാഷണം അവസാനിക്കും മുൻപ്, അടുത്തയാഴ്ച ബറൂച്ചിൽ വരണം, കാണണം, ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്നു പ്രത്യേകം ക്ഷണിച്ചു പട്ടേൽ. (ഗുജറാത്തികൾ ആതിഥ്യമര്യാദയുള്ളവരാണ്, എപ്പോൾ കണ്ടാലും ഫുഡ് തരും)

തിരഞ്ഞെടുപ്പു കഴിഞ്ഞു. പട്ടേലിന്റെ അന്നത്തെ രണ്ടു പ്രവചനങ്ങൾ പരിപൂർണമായും തെറ്റി. കേരളത്തിൽ കോൺഗ്രസ് തകർന്നു തരിപ്പണമായി. ഒരു സീറ്റു പോലും കിട്ടിയില്ല. ബറൂച്ചിൽ മുഹമ്മദ് ഫാൻസിവാല പച്ചതൊട്ടില്ല. ബിജെപി സീറ്റ് നിലനിർത്തി. 

Ahmed-Patel-(2)

പക്ഷേ, ഒരു പ്രവചനം ശരിയായി –  കോൺഗ്രസ് തിരിച്ചുവന്നു. കേരളത്തിലെ ഇടത് എംപിമാരുടെ കൂടി പിന്തുണയോടെ മൻമോഹൻ സിങ് ഭരിച്ചു തുടങ്ങി. അതു 10 കൊല്ലം തുടർന്നു. ആ 10 കൊല്ലം യുപിഎ സർക്കാരിനെ പലവിധ കൊടുങ്കാറ്റുകൾക്കിടയിലും പിടിച്ചുനിർത്തിയതിൽ, ഏറ്റവും വലിയ അണിയറ സാന്നിധ്യം അഹമ്മദ് പട്ടേലായിരുന്നു. 

അഹമ്മദ് പട്ടേൽ അപ്രതീക്ഷിതമായി വിടവാങ്ങുമ്പോൾ, നഷ്ടം ഒരു പക്ഷേ അദ്ദേഹം എന്നെങ്കിലും എഴുതിയേക്കാമായിരുന്ന ആത്മകഥയാണ്. 2004 മുതൽ 2014 വരെയുള്ള യുപിഎ സർക്കാരിന്റെ നിലനിൽപിന്റെയും പിന്നീട് അതിന്റെ തകർച്ചയുടെയും, ഇപ്പോഴും ഒട്ടേറെ ദുരൂഹതകൾ ബാക്കിയായ,  രഹസ്യഅറകൾ കൂടിയാണ് പട്ടേലിനൊപ്പം മൺമറയുന്നത്. ആ 10 വർഷം മാത്രമല്ല, അതിനു മുൻപും ശേഷവുമുള്ള കോൺഗ്രസിന്റെ ഏറ്റവും അടച്ചുറപ്പുള്ള അറകൾ. ഇന്ദിരയ്ക്കു ശേഷമുള്ള നെഹ്റു – ഗാന്ധി കുടുംബത്തിന്റെ ഏറ്റവും അടുത്തുനിന്നുള്ള കാഴ്ചകൾ. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന് അതൊരു വലിയ നഷ്ടമാണ്. 

(മലയാള മനോരമ ദിനപത്രം സോഷ്യൽ മീഡിയ എഡിറ്ററാണ് ലേഖകൻ)

MORE IN INDIA
SHOW MORE
Loading...
Loading...