‘ഞങ്ങളവരെ ഹിന്ദുവും മുസ്‌‌ലിമും ആയല്ല കാണുന്നത്’; യുപി സര്‍ക്കാരിനോട് കോടതി

wedding-court
SHARE

ഉത്തര്‍പ്രദേശ് സർക്കാരിന്റെ ‘ലൗ ജിഹാദ്’ നിയമ നി൪മാണത്തിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. തങ്ങളവരെ ഹിന്ദുവും മുസ്‌ലിമും ആയല്ല കാണുന്നതെന്നും വ്യക്തികളുടെ അവകാശത്തിനു മേൽ കടന്നുകയറാൻ  മറ്റുള്ളവർക്കോ ഭരണകൂടത്തിനോ അവകാശമില്ലെന്നും ജസ്റ്റിസ് പങ്കജ് നഖ്‌വിയും ജസ്റ്റിസ് വിവേക് അഗര്‍വാളും അടങ്ങിയ അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സലാമത്ത് അന്‍സാരി - പ്രിയങ്ക ദമ്പതികളുടെ ഹര്‍ജിയിലാണ് കോടതി സ്വരം കടുപ്പിച്ചത്. പ്രിയങ്കയെ മതം മാറ്റി സലാമത്ത് അൻസാരി വിവാഹം ചെയ്തുവെന്ന പ്രിയങ്കയുടെ പിതാവിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത എഫ്ഐആർ  ഹൈക്കോടതി റദ്ദാക്കുകയും െചയ്ത്. 

പ്രിയങ്കയെ തട്ടിക്കൊണ്ടു പോയി  മതപരിവർത്തനം ചെയ്തുവെന്ന പിതാവിന്റെ പരാതി വാസ്തവ വിരുദ്ധമാണെന്നും ദമ്പതികൾ സന്തോഷപൂർണമായ ജീവിതം നയിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് അവർ ഒരേ ലിംഗത്തിൽ പെട്ടവരാണെങ്കിൽ പോലും ഒരുമിച്ച് ജീവിക്കാൻ നിയമപരമായ അവകാശമുണ്ട്. വ്യക്തികളുടെ അവകാശത്തിനു മേൽ കടന്നുകയറാൻ മറ്റു വ്യക്തികൾക്കോ ഭരണകൂടത്തിനോ യാതൊരു തരത്തിലുള്ള അവകാശമില്ലെന്നും കോടതി പറഞ്ഞു. 

കിഴക്കന്‍ യുപിയിലെ കുഷിനഗറില്‍നിന്നുള്ള സലാമത്ത് അന്‍സാരി പ്രിയങ്കയുടെ മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായാണ് അവരെ വിവാഹം കഴിച്ചത്. തുടര്‍ന്ന് പ്രിയങ്ക വിവാഹത്തിനു തൊട്ടുമുമ്പ് മതം മാറി 'അലിയ' എന്ന പേര് സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചുവെന്നു കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കി. മകള്‍ക്കു പ്രായപൂര്‍ത്തിയായില്ലെന്നും പോക്‌സോ ബാധകമാണെന്നും മാതാപിതാക്കള്‍ അറിയിച്ചു.

അതേസമയം ഉത്തര്‍പ്രദേശിലെ 14 മിശ്ര വിവാഹങ്ങൾ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ‘ലൗ ജിഹാദി’ല്ലെന്ന് യുപി പൊലീസും വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ പാടെ തള്ളിക്കളയുന്നതാണ് കാൺപൂർ പൊലീസിന്റെ റിപ്പോർട്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗൂഢാലോചന, വിദേശ ഫണ്ടിങ് തുടങ്ങിയ ആരോപണങ്ങളിൽ ഒന്നു പോലും തെളിയിക്കാൻ സാധിച്ചില്ല.

ഒരു കേസിൽ പോലും അസ്വാഭാവികത കണ്ടെത്താൻ സാധിച്ചില്ല. പെൺകുട്ടികൾ നേരത്തെ അറിയാവുന്നവരെയാണ് വിവാഹം കഴിച്ചത്. യാതൊരു വിധത്തിലുള്ള സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്ന് പെൺകുട്ടികൾ വ്യക്തമാക്കിയതായി കാൺപൂർ പൊലീസ് അറിയിച്ചു.‘ലൗ ജിഹാദി’നെതിരെ നിയമനിർമാണവുമായി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരടക്കം മധ്യപ്രദേശ്, ഹരിയാന, കര്‍ണ്ണാടക സര്‍ക്കാരുകള്‍ മുന്നോട്ടു വന്നിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...