‘പടക്കം പൊട്ടിക്കുന്നത് ഹൈന്ദവാചാരമല്ല’; വനിതാ ഐപിഎസ് ഓഫിസർ; വിവാദം

rupa-ips-karnataka
SHARE

പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തണം എന്നഭിപ്രായപ്പെട്ട കര്‍ണാടക ഐപിഎസ് ഓഫിസര്‍ ഡി. രൂപയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പരിഹാസം. ഈ മാസം 14 ന് ഫെയ്സ്ബുക്കിലെ പോസ്റ്റിലാണ് രൂപ ചില വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ദീപാവലിക്കു പടക്കം പൊട്ടിക്കുന്നത് ഹിന്ദു ആചാരപ്രകാരമല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ച് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശങ്ങള്‍ ഇല്ല എന്നും അവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. പടക്കം പൊട്ടിക്കുന്നതിലെ മാലിന്യപ്പുക മൂലം ബെംഗളൂരു നഗരത്തിലെ വായു മലിനീകരിക്കപ്പെടുമെന്നും ഹരിത സംരക്ഷണത്തില്‍ വിള്ളല്‍ വീഴും എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിപയുടെ പരാമര്‍ശങ്ങള്‍. 

ഹിന്ദുക്കള്‍ക്കുവേണ്ടിയാണ് പടക്കം പൊട്ടിക്കുന്നത് എന്നു പറയുന്നവര്‍ ദയവുചെയ്ത് ഇതുകൂടി അറിയുക. വേദ കാലത്തിലോ പിന്നീടോ ഇത്തരം ആചാരമൊന്നും ഉണ്ടായിരുന്നില്ല. യൂറോപ്യന്‍മാരുടെ വരവോടെയാണ് ഈ രാജ്യത്തും പടക്കം വ്യാപകമായത്. ഹിന്ദുയിസവുമായി ബന്ധപ്പെട്ട ആചാരമോ അനുഷ്ഠാനമോ അല്ല പടക്കം എന്നും അറിയുക.രൂപ  പോസ്റ്റില്‍ പറയുന്നു.

മറ്റു മതങ്ങളുടെ ആചാരങ്ങളെ ചോദ്യം ചെയ്യാനും രൂപയ്ക്കു ധൈര്യമുണ്ടോയെന്ന് പലരും ചോദ്യം ഉന്നയിച്ചു. മാത്രമല്ല, പുരാണങ്ങളില്‍ പടക്കത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതോടെ രൂപ തെളിവു ചോദിച്ചു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പ്രശസ്ത നടി കങ്കണ റനൗട്ടും വിവാദത്തില്‍ ഇടപെട്ടിട്ടുണ്ട്. രൂപയെ പരിഹസിച്ചുകൊണ്ടാണ് നടിയുടെ രംഗപ്രവേശം. സ്വന്തം ഉത്സവങ്ങള്‍ പോലും ആഘോഷിക്കാന്‍ കഴിയാത്ത രാജ്യമായി ഇന്ത്യ മാറിയോ എന്നായിരുന്നു നടിയുടെ ചോദ്യം. പുരാണങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു എന്നും അവര്‍ പറഞ്ഞു. ഇത് അടിമത്വം ആണെന്നാണ് അവരുടെ അഭിപ്രായം. പടക്കം നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിനെ പിന്താങ്ങുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇതിന് രൂപയുടെ മറുപടി.

MORE IN INDIA
SHOW MORE
Loading...
Loading...