മനുസ്മൃതി ചര്‍ച്ചയില്‍ കൈപൊള്ളി; വിവാദത്തില്‍ നിന്ന് തിരിഞ്ഞോടി ബിജെപി

tamil-nadu-protest
SHARE

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴകത്തില്‍ ചൂടുള്ള ചര്‍ച്ച മനുസ്മൃതിയാണ്. മനുസ്മൃതിയെ അനുകൂലിച്ചു ബിജെപിയും, എതിര്‍ത്ത് ദലിത് പാര്‍ട്ടിയായ വിടുതലൈ സിരുതൈഗള്‍ പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നതോടെ ഒരിക്കല്‍ കൂടി മനുവിന്റെ ജീവിതശാസനകള്‍ വായിക്കുകയാണ് തമിഴകം.

വിവാദത്തിനു തുടക്കം ഇങ്ങനെ:

കഴിഞ്ഞ മാസം 27 നു നടന്ന  വെബിനാറില്‍ വി.സി.കെ സ്ഥാപകനും ചിദംബരം എം.പിയുമായ തിരുമാവളന്‍ നടത്തിയ പരാമര്‍ശമാണ് കാലങ്ങള്‍ക്കു ശേഷം  തമിഴകത്തില്‍ ചാതുര്‍വണ്യ വ്യവസ്ഥയെ കുറിച്ചും മനു മുന്നോട്ടുവെയ്ക്കു ജീവിത രീതിയില്‍ സ്ത്രീക്കും ദലിതനുമുള്ള സ്ഥാനത്തെ കുറിച്ചും ചര്‍ച്ചക്കിടയാക്കിയത്. മനു, സ്ത്രീ ജീവിതങ്ങള്‍ക്കു ഒരുവിലയും നല്‍കുന്നില്ലെന്നും വേശ്യകളായാണ് സ്ത്രീകളെ കാണുന്നതെന്നുമായിരുന്നു വിവാദ പരാമര്‍ശം.  യുറോപ്പിലെ  പെരിയാര്‍ അനുകൂലികള്‍ നടത്തിയ വെബിനാര്‍ കഴിഞ്ഞു ദിവസങ്ങള്‍ക്കു ശേഷം ബിജെപിയുടെ ഐ.ടി.സെല്‍ പ്രസംഗം   ചര്‍ച്ചയാക്കി. മനുസ്മൃതിയെ കൂട്ടുപിടിച്ചു  ഹിന്ദു സ്ത്രീകളെ  തിരുമാവളവന്‍ അപമാനിക്കുന്നുവെന്നായിരുന്നു ആരോപണം.

ഖുശ്ബുവിന്റെ ആദ്യ വാര്‍ത്ത സമ്മേളനം പക്ഷേ..

ബിജെപിയിലെത്തിയ നടി ഖുശ്ബു ഈ വിഷയത്തില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു.നടിയുടെ ബിജെപിയിലെത്തിയ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനം. തോള്‍ തിരുമാവളന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണ്. ഏതെങ്കിലും ഒരു മതത്തിനുമാത്രം എതിരല്ല. എല്ലാ സ്ത്രീകള്‍ക്കും എതിരായാണ് തിരുമാവളവന്‍ പറഞ്ഞത്.മാപ്പു പറഞ്ഞേ തീരൂ ഖുശ്ബു ആവശ്യപ്പെട്ടു.

വെറും നടിമാത്രമാണെന്നു തന്നെ കളിയാക്കിയ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എന്തുപറയുന്നെന്നും ‌കനിമൊഴി എംപി വിഷയത്തില്‍ പ്രതികരിക്കണമെന്നും ഖുശ്ബു ആവശ്യമുന്നയിച്ചു. ഇതോടെ വിഷയം കൈവിട്ടു. വാര്‍ത്ത സമ്മേളനം കഴിഞ്ഞു മണിക്കൂറുകള്‍ക്കകം ചെന്നൈ പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പരാതി എത്തി. ബിജെപി ഐ.ടി സെല്‍ ഭാരവാഹി അശ്വന്ദമാനാണ് പരാതി നല്‍കിയത്. പൊലീസ് സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു.

മനുസ്മൃതി നിരോധിക്കണമെന്നാവശ്യവുമായി വി.സി.കെ

ബിജെപിയും വിസികെയും ഇരുപക്ഷത്തുമായി നിലയുറപ്പിച്ചതോടെ  മനുസ്മൃതി വിവാദം തെരുവിലേക്കെത്തി. ഈറോഡിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ  തിരുമാവളവനെ  ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വിസികെ പ്രവർത്തകരും പ്രതിഷേധവുമായെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസെത്തിയാണു രംഗം ശാന്തമാക്കിയത്.

പിറകെ മനുസ്മൃതി നിരോധിക്കണമെന്നാവശ്യപ്പെട്ടു വിസികെ സംസ്ഥാമൊട്ടാകെ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു.  സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ അണിനിരത്തിയ പ്രതിഷേധങ്ങള്‍ വി.സി.കെ എന്ന ദലിതു പാര്‍ട്ടിയുടെ ശക്തി പ്രകടനമായി മാറി. പണ്ട് മനുസ്മൃതി കത്തിച്ചാണ് പെരിയോര്‍ യുദ്ധം നടത്തിയതെന്നും വീണ്ടും ഒരിക്കല്‍കൂടി മനുവാദികളെ തുരത്തണമെന്നും വ്യാപക ആഹ്വാനമുണ്ടായി. മനുസ്മൃതിയുടെ പകര്‍പ്പ് സ്ത്രീകളും കുട്ടികളും വായിക്കാനായി സമൂഹ മാധ്യമങ്ങളില്‍ പറന്നു നടക്കുയാണ്.

ദലിതര്‍ കൂട്ടമായിറങ്ങി, അപകടം മണത്തു, തിരിഞ്ഞോടി ബിജെപി

ഏതുവിധേനെയും ഒരു എംഎല്‍എയെങ്കിലും സൃഷ്ടിക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി തമിഴ്നാട്ടില്‍. ബ്രാഹ്ണ പാര്‍ട്ടിയെന്നും ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്നും കുറ്റപെടുത്തി തമിഴകത്ത് നിന്ന് ബിജെപിയെ മാറ്റിനിര്‍ത്തുന്നതില്‍ ഒരു പരിധി വരെ ദ്രാവിഡ പാര്‍ട്ടികള്‍ വിജയിച്ചിട്ടുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പതിറ്റാണ്ടുകള്‍ക്കുശേഷം  ഒരു ദലിതനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത്. എല്‍.മുരുകന്‍. ആര്‍എസ്എസില്‍ നിന്ന് നേരിട്ടു നിയോഗിച്ച  സംസ്ഥാന അധ്യക്ഷന്റെ പ്രധാന ചുമതല ജനസംഖ്യയുടെ ഗണ്യമായ പങ്കുള്ള ദലിത് വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കുകയാണ്.

കഴിഞ്ഞ ആറുമാസമായി നിരവധി ദലിതു നേതാക്കളെയും അണികളെയും  താമര തണലില്‍ അണിനിരത്താനും കഴിഞ്ഞു. ഖുശ്ബുവടക്കമുള്ളവരെ കൊണ്ടുവന്നു തിളങ്ങു നില്‍ക്കുമ്പോഴാണു മനു വിവാദമെത്തിയത്. മനുവിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയില്‍ ദലിത് പ്രസിഡന്റിന്റെ  പ്രസക്തിയെന്തെന്നായി ട്വിറ്ററിലെ ചോദ്യം. മനുസ്മൃതിയും ദലിതരുമെന്ന വിഷയത്തില്‍ പ്രചാരണത്തിനായി  വി.സി.കെ പ്രവര്‍ത്തകര്‍ തെരുവിലെത്തിയതോടെ ബിജെപി അപകടം മണത്തു. തുടങ്ങിവച്ച വിവാദം സ്വയം അവസാനിപ്പിച്ചു.

ഇന്നലെ മാധ്യമങ്ങളെ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുകന്റെ  പ്രസ്താവന ഇങ്ങിനെയായിരുന്നു.‘അംബേദ്ക്കർ എഴുതിയ ഇന്ത്യൻ ഭരണഘടന പ്രകാരമാണു ഇന്ത്യയിലെ നിയമങ്ങൾ തീരുമാനിക്കുന്നത്. മനുസ്മൃതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ല.മനുസ്മൃതി പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ചിലരുടെ ശ്രമം അത് നടക്കില്ല. അംബേദ്ക്കര്‍ എഴുതിയ ഭരണഘടന അടിസ്ഥാനമാക്കിയുള്ള രാജ്യത്ത്  നൂറ്റാണ്ടുകളുടെ പഴക്കമുള്ള മനുവിനെ കുറിച്ചുള്ള ചര്‍ച്ച പോലും ദുഷ്ടലാക്കോടെയാണ്.’

വിവാദത്തിനില്ലെന്നു ബിജെപി വ്യക്തമാക്കുമ്പോഴും കിട്ടിയ അവസരം കളയാന്‍ വി.സി.കെ തയാറല്ല. കേസെടുത്തതിനെ സ്വാഗതം ചെയ്തു കഴിഞ്ഞു പാര്‍ട്ടി. കോടതിയില്‍ മനുസ്മൃതിയെ കുറിച്ചുള്ള തുറന്ന ചര്‍ച്ചയ്ക്ക് അവസരം ഉണ്ടായതായി പാര്‍ട്ടി ചെയര്‍മാന്‍ തിരുമാവളവന്‍  പ്രസ്താവിക്കുകയും ചെയ്തു. വി.സി.െകയ്ക്കു പിന്തുണയുമായി ഡി.എം.കെയും സി.പി.എമ്മും രംഗത്തുമുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...