നാസിക്കിൽ സെഞ്ച്വറിയടിച്ച് ഉള്ളിവില; പൂഴ്ത്തിവയ്പ്പെന്നും ആക്ഷേപം

onion-wb
SHARE

മഹാരാഷ്ട്ര ഉള്‍പ്പടെ ഉള്ളി ഉത്പാദനമേഖലകളിലുണ്ടായ ശക്തമായ മഴയാണ് വീണ്ടും ഉള്ളിവില കുതിച്ചുയരാന്‍ കാരണം. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ നാസിക്കില്‍ തന്നെ വില സെഞ്ച്വറിയടിച്ചുകഴിഞ്ഞു. ഇരട്ടിലാഭം മുന്നില്‍ കണ്ട് ഇടനിലക്കാര്‍ ഉള്ളി പൂഴ്ത്തിവയ്ക്കുന്നതായും ആക്ഷേപമുണ്ട്. 

കേരളം ഉള്‍പ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഉള്ളി ഏറ്റവുമധികം വിതരണം ചെയ്യുന്ന മൊത്തക്കമ്പോളമായ നാസിക്കിലെ ലസല്‍ഗാവ് മാര്‍ക്കറ്റില്‍ ഉള്ളി വരവ് നന്നെ കുറവാണ്. വടക്കന്‍ മഹാരാഷ്ട്രയിലും പശ്ചിമമഹാരാഷ്ട്രയിലും പെയ്ത ശക്തമായ മഴ കൃഷിയെ രൂക്ഷമായി ബാധിച്ചു. 

കൃഷിയിടങ്ങളില്‍നിന്ന് മൊത്തക്കമ്പോളത്തിലേക്ക് ഉള്ളി എത്തുന്നില്ല. അതായത്, കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് അനുഭവപ്പെട്ട പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. രാജ്യത്തെ നാല്‍പ്പത് ശതമാനത്തോളം ഉള്ളിയും ഉത്പാദിപ്പിക്കപ്പെടുന്ന നാസിക് ഉള്‍പ്പടുന്ന വടക്കന്‍ മഹാരാഷ്ട്ര, പശ്ചിമ മഹാരാഷ്ട്ര, മറാഠ്‍വാഡ എന്നിവടങ്ങളില്‍ മോശമാണ് സാഹചര്യം. മഴയ്ക്ക് മുമ്പ് കോവിഡും മേഖലയെ ബാധിച്ചിരുന്നു. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചതോടെ സംഭരണശാലകള്‍ ഇടത്തരം കര്‍ഷകര്‍ അടച്ചുപൂട്ടിയിരുന്നു. പിന്നീട് ആഭ്യന്തരവ്യപാരമേഖല സജീവമായങ്കെലും മഴവന്നതോടെ സംഭരണശാലകള്‍ തുറക്കാനാകാത്ത അവസ്ഥയായി. ഇത് മുതലെടുക്കുന്ന ഇടനിലക്കാര്‍ ഉള്ളി വ്യാപകമായി പൂഴ്ത്തിവയ്ക്കുന്നതായും പരാതിയുണ്ട്. 

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടലുകള്‍ ആരംഭിച്ചിട്ടില്ല. ചുരുക്കത്തില്‍, ഉള്ളി ഇനിയും കരയിക്കുമെന്നുറപ്പ്.

MORE IN INDIA
SHOW MORE
Loading...
Loading...