ആ സമയം ഉറക്കം; അശ്ലീല വിഡിയോ ഗ്രൂപ്പിലിട്ട ഉപമുഖ്യമന്ത്രിയുടെ വാദം ഇങ്ങനെ

വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചുവെന്ന് ആരോപണം നേരിടുന്ന ഗോവ ഉപമുഖ്യമന്ത്രി പൊലീസിൽ പരാതി നൽകി. വിഡിയോ അയച്ചുവെന്ന് പറയുന്ന സമയത്ത് താൻ ഉറക്കമായിരുന്നെന്നും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാമെന്നും ചന്ദ്രകാന്ത് കവ്​ലേകർ പരാതിയിൽ പറയുന്നു. 

ഞായറാഴ്ച അര്‍ധരാത്രിയിലാണ് ഉപമുഖ്യമന്ത്രിയുടെ വാട്സ്ആപ്പ് നമ്പറില്‍ നിന്ന് വില്ലേജസ് ഓഫ് ഗോവ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ എത്തിയത്. ഇതു വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഉറക്കമായിരുന്നെന്നും ഫോൺ ഹാക്ക് ചെയ്തതാകാമെന്നുമാണ് അദ്ദേഹം പറയുന്നത്. അശ്ലീല ദൃശ്യങ്ങള്‍ പബ്ലിക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് കുറ്റമാണെന്നും മന്ത്രിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസും  പരാതി നൽകി.