രാജ്യത്ത് പ്രതിദിന ബാധിതർ അൻപതിനായിരത്തിൽ താഴെ; രോഗമുക്തി 67 ലക്ഷം പിന്നിട്ടു

c-india
SHARE

രാജ്യത്ത് രണ്ടരമാസത്തിന് ശേഷം പ്രതിദിന കോവിഡ് രോഗബാധിതര്‍ അന്‍പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 76 ലക്ഷത്തിലേക്ക് അടുത്തപ്പോള്‍, രോഗമുക്തി 67 ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരില്‍ പത്തുശതമാനത്തില്‍ താഴെ മാത്രമാണ് ചികില്‍സയിലുള്ളത്. 

ജൂലൈ 29ന് ശേഷം ആദ്യമായിട്ടാണ് പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെയെത്തുന്നത്. അന്ന് രേഖപ്പെടുത്തിയത് 48513. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കേസുകള്‍ 46,790 മാത്രം. രോഗവ്യാപനത്തില്‍ മുന്നില്‍നില്‍ക്കുന്ന മഹാരാഷ്ട്ര, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇന്നലെ പ്രതിദിന രോഗികള്‍ കുറ‍ഞ്ഞതാണ് കാരണം. ആകെ രോഗബാധിതര്‍ 75,97,063 ആയെങ്കിലും 7,48,538 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ചികില്‍സയിലുള്ളവരുടെ നിരക്ക് 9.85 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,720 പേര്‍ കൂടി കോവിഡിനെ അതിജീവിച്ചു. ഇതോടെ ആകെ രോഗമുക്തി 67,33,328 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 88.63 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 587 പേരാണ് മരിച്ചത്. ആകെ മരണം 1,15,197 ആയി. പത്ത് ലക്ഷത്തി മുപ്പത്തിരണ്ടായിരം സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്. ഇതുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെയിലെ പോസിറ്റിവിറ്റി നിരക്ക് 4.4 ശതമാനമായി താ‍ഴ്ന്നു. അതേസമയം, വരാനിരക്കുന്ന ശൈത്യകാലത്തും ദീപാവലി ആഘോഷത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഡല്‍ഹി, യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ തുടരുന്ന വായുമലിനീകരണവും ആശങ്കയായി നില്‍ക്കുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...