ചൈനയെ വെല്ലുവിളിച്ച് ഇന്ത്യ; തയ്​വാനുമായി വ്യാപാര ചർച്ച; മോദിയുടെ ഉന്നം

ഇന്ത്യ–ചൈനാ ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന തീരുമാനത്തിന് കേന്ദ്ര സർക്കാർ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തയ്‌വാനുമായി വ്യാപാര ചർച്ചകൾ ഔദ്യോഗികമായി ആരംഭിക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നതായി സൂചന. വർഷങ്ങളായി സ്വതന്ത്ര വ്യാപാരത്തിനായി തയ്‌വാൻ ഇന്ത്യയുമായി ചർച്ചകൾക്കു താൽപര്യം കാണിച്ചിരുന്നു. എന്നാൽ ചൈനയെ ചൊടിപ്പിക്കാതിരിക്കാൻ കേന്ദ്രം മനഃപൂർവം കണ്ണടയ്ക്കുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

തയ്‌വാനുമായി ചർച്ച ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിൽതന്നെ ആവശ്യം ഉയർന്നിരുന്നു. ടെക്നോളജി, ഇലക്ട്രോണിക്സ് മേഖലകളിൽ വലിയതോതിലുള്ള തയ്‌വാൻ നിക്ഷേപം കൊണ്ടുവരാൻ ഈ വ്യാപാര കരാറുകൾക്കു സാധിക്കും. എന്നാൽ ചർച്ചകൾ ആരംഭിക്കുന്നതിന് അന്തിമ തീരുമാനം സർക്കാർ എടുത്തിട്ടുണ്ടോയെന്നു വ്യക്തമല്ല.

ചൈനയിൽനിന്നുള്ള സമ്മർദത്തിൽ വൻ സാമ്പത്തിക ശക്തികളുമായി വ്യാപാര ഇടപാടുകൾ ആരംഭിക്കാൻ പ്രയാസപ്പെടുന്ന തയ്‌വാൻ, ഇന്ത്യയുമായി ഔദ്യോഗിക തലത്തിൽ എന്തു ചർച്ച നടന്നാലും അതു വൻ വിജയമായാണു കണക്കാക്കുക. മറ്റു പല രാജ്യങ്ങളെയും പോലെ തയ്‌വാനെ ‘സ്വതന്ത്രരാജ്യമായി’ ഇന്ത്യയും അംഗീകരിച്ചിട്ടില്ല.

ഇരു രാജ്യങ്ങളും അനൗദ്യോഗിക നയതന്ത്ര ഓഫിസുകളെ ‘പ്രതിനിധി’ ഓഫിസ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2018ൽ ഇന്ത്യയും തയ്‌വാനും ഉഭയകക്ഷി നിക്ഷേപ കരാർ ഒപ്പിട്ടിരുന്നു. 2019ൽ വ്യാപാരം 18 ശതമാനമായി വർധിച്ച് 7.2 ബില്യൻ യുഎസ് ഡോളർ ആയെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.