അന്ന് 500 വലിയ നോട്ട്; ഇന്ന് വിലയില്ല; സത്യമംഗലം വനത്തിൽ ഉറങ്ങുന്ന നിധി

veerappan-life-story-new
SHARE

സത്യമംഗലം വനമേഖലയ്ക്ക് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളുടെ വിസ്തൃതിയുണ്ട്. എന്നിട്ടും നിധി തേടി ഇന്നും സത്യമംഗലം കാട്ടുകയറുന്നവരുണ്ട്. കാരണം 16 വർഷങ്ങൾക്ക് മുൻപ് കാട് അടക്കി വാണ വീരപ്പൻ ഒളിപ്പിച്ച സമ്പാദ്യമാണ് ലക്ഷ്യം. ആനകൊമ്പ്, ചന്ദനത്തടി, മനുഷ്യറാഞ്ചൽ, ആയുധശേഖരം എന്നിങ്ങനെ ജീവിച്ചിരുന്നപ്പോൾ വീരപ്പൻ ഉണ്ടാക്കിയ കോടികൾ ഇപ്പോഴും സത്യമംഗലം കാട്ടിൽ അനാഥമായി കിടപ്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അടക്കം പലയിടത്തായി സുരക്ഷിതമായി കുഴിച്ചിട്ടായിരുന്നു വീരപ്പന്റെ വനവാസം. ഇതുപോലെ തന്നെ ചന്ദനത്തടിയും ആനക്കൊമ്പും വിറ്റുകിട്ടുന്ന പണം വലിയ ഇരുമ്പുപെട്ടികളിലാക്കി വനത്തിൽ കുഴിച്ചിടുന്ന പതിവും വീരപ്പനുണ്ടായിരുന്നു. എന്നാൽ നോട്ടുനിരോധനം വന്നതോടെ ഒരുപക്ഷേ വീരപ്പൻ കുഴിച്ചിട്ട നോട്ടുകെട്ടുകൾക്ക് ഇന്നും കടലാസിന്റെ വില പോലും കാണില്ല. പക്ഷേ നോട്ടുകളായി മാത്രമായിരുന്നോ വീരപ്പന്റെ സമ്പാദ്യമെന്ന് സംശയമാണ്.

ഗോപിനാഥം കുസെ മുനിസ്വാമി വീരഭദ്ര ഗൗണ്ടർ എന്ന വീരപ്പൻ കാടുനിറഞ്ഞാടിയ 1983 മുതൽ 2004 ഒക്ടോബർ 18 വരെ കർണാടക, തമിഴ്നാട്, കേരള എന്നീമൂന്നു സംസ്ഥങ്ങളുടെ പേടി സ്വപ്നമായിരുന്നു. 2002 വരെ 138 പേരെ കൊന്നു കൊള്ളയടിച്ചു. ഇതിൽ 31 പേർ പൊലീസുകാർ.  2000 ആനകളെ കൊന്നു കൊമ്പെടുത്തു, 12 കോടി രൂപയുടെ ആനക്കൊമ്പുകൾ, 400 കോടി രൂപ വിലവരുന്ന ചന്ദനത്തടികൾ വെട്ടി വിറ്റു, എകെ 47 അടക്കമുള്ള തോക്കുകളുടെ ശേഖരം. ഇതെല്ലാം എവിടെയാണെന്ന് വീരപ്പൻ െകാല്ലപ്പെട്ട് 16 വർഷം പിന്നിട്ടിട്ടും ആർക്കും അറിയില്ല.

ആനക്കൊമ്പ്, ചന്ദനത്തടി എന്നിവയിലൂടെ ലഭിച്ച കോടികൾക്കൊപ്പം ആളെ റാഞ്ചി വില പേശി വൻതുക വീരപ്പൻ സ്വന്തമാക്കിയിരുന്നു. കന്നഡ സിനിമയിലെ വീരനായകൻ ഡോ. രാജ്കുമാറിനെ റാഞ്ചിയ വീരപ്പൻ, 108–ാം ദിവസങ്ങൾക്ക് ശേഷമാണ് വിട്ടയച്ചത്. അന്ന് 20 കോടിരൂപയാണ് കർണാടക സർക്കാർ നൽകിയതെന്ന് ആരോപണമുണ്ടായിരുന്നു. രാജ്കുമാർ മോചിതനായതിനു ശേഷം സത്യമംഗലം വനമേഖലയ്ക്കു ചുറ്റുമുള്ള ഗ്രാമീണരുടെ പക്കൽ ‘500’ രൂപാ നോട്ടുകൾ വളരെയധികം കാണാൻ കഴിഞ്ഞതായി രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ഇന്ത്യയിൽ അന്നത്തെ ഏറ്റവും മൂല്യമുളള നോട്ട് 500 രൂപയുടേതായിരുന്നു. കാരണം മലയോര ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളെ കൂടെ നിർത്താൻ കൊള്ള മുതലിന്റെ ഒരുഭാഗം അവർക്കിടയിൽ പങ്കുവയ്ക്കുന്നതു വീരപ്പൻ ശീലമാക്കിയിരുന്നു. 

‘വീരപ്പനയ്യ’; ശവകുടീരത്തിലേക്ക് ഭക്തര്‍; കോടികളുടെ സമ്പാദ്യം മണ്ണിനടിയിൽ?

അഞ്ചു വർഷം മുൻപു സത്യമംഗലം വനത്തിൽ ട്രക്കിങ്ങിനിടയിൽ കൂടാരം കെട്ടാൻ കുഴിയെടുത്ത യുവാക്കളുടെ സംഘത്തിനു പണപ്പെട്ടി കിട്ടിയതായി രഹസ്യവിവരമുണ്ടായിരുന്നു. സത്യമംഗലം വനം 21 വർഷം അടക്കിവാണ വീരപ്പൻ കുഴിച്ചിട്ട പണപ്പെട്ടികളും ആനക്കൊമ്പുകളും ആയുധങ്ങളും ഇപ്പോഴും വനത്തിൽ ഉറങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. 

MORE IN INDIA
SHOW MORE
Loading...
Loading...