‘സംഘികൾ മങ്കികളെ പോലെ’; ഖുശ്ബുവിന്റെ ട്വീറ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ ലോകം

khusbu-old-tweet
SHARE

കോൺഗ്രസിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ ബിജെപിയിൽ അംഗമായ നടി ഖുശ്ബുവിന്റെ പഴയ ട്വീറ്റുകൾ ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ. മുൻപ് ബിജെപിയെയും മോദിയെയും അതിരൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന താരത്തിന്റെ പഴയ ട്വീറ്റുകളാണ് ഇപ്പോൾ കുത്തിപ്പൊക്കുന്നത്. 

‘സംഘികള്‍ മങ്കികളെപ്പോലയാണ് പെരുമാറുന്നത്’ എന്ന  ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വൈറലാണ്. ദിവസങ്ങൾക്ക് മുൻപ് വരെ കേന്ദ്രസർക്കാരിനെയും ബിജെപിയെയും വിമർശിച്ച് താരം ട്വീറ്റ് ചെയ്തിരുന്നു. കർഷക റാലിയിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം വരെ ഖുശ്ബു പങ്കുവച്ചിരുന്നു. 

old-tweet-viral

ദേശിയ ജനറൽ സെക്രട്ടറി സി.ടി രവിയിൽ നിന്നാണ് താരം അംഗത്വം സ്വീകരിച്ചത്. വക്താവ് സ്ഥാനത്ത് നീക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്ത് കൈമാറിയിരുന്നു. രാജ്യത്തെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ മോദിയെപ്പോലെ ഒരാളെയാണ് ആവശ്യമെന്ന് അവര്‍ പറഞ്ഞു. 

മാറ്റം അനിവാര്യമാണെന്ന ട്വീറ്റ് ശരിവച്ചുകൊണ്ടാണ് ആറുവര്‍ഷക്കാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദറിന്‍റെ തീരുമാനം. യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നേപ്പോലുള്ളവര്‍ തഴയപ്പെടുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കി. 

കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി ഏറെക്കാലമായി ഭിന്നതയിലായിരുന്ന ഖുശ്ബുവിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിലും അതൃപ്തിയുണ്ടായിരുന്നു. 2010 ല്‍ ഡിഎംകെയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഖുശ്ബു 2014 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഖുശ്ബുവിന്‍റെ വരവ് ഗുണം ചെയ്യുമെന്നാണ് ബിജെപി വിലയിരുത്തല്‍‍.

MORE IN INDIA
SHOW MORE
Loading...
Loading...