ഒറ്റിൽ വീണ് ലഹരിക്കടത്തിന്റെ ‘ശ്രീ’; രാഗിണി ശ്രീനിയുടെ ഫ്ലാറ്റ് സന്ദർശിച്ചത് 4 തവണ

drugs-arrest
SHARE

ബെംഗളൂരു: കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നിർണായക അറസ്റ്റ്. ലഹരി ഇടപാടുകാരൻ ശ്രീനിവാസ് സുബ്രഹ്മണ്യ(42)നാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിലായത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവ, ലഹരി പാർട്ടികളുടെ ആസൂത്രകൻ വിരേൻ ഖന്ന, നടി രാഗിണി ദ്വിവേദി തുടങ്ങിയവരുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയാണ് ശ്രീനിവാസ്. 

രാഗിണി ദ്വിവേദി നാല് പ്രാവശ്യം ഇയാളുടെ ഫ്ലാറ്റ് സന്ദർശിച്ചിരുന്നതായി സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ലഹരി പാർട്ടികളിൽ ‘ശ്രീ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ  ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന രാസ ലഹരി മരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ വ്യാപകമായി എത്തിച്ചിരുന്നതായി കണ്ടെത്തി. അറസ്റ്റിലാകുമ്പോൾ ഇയാളിൽ നിന്ന് 13 എംഡിഎംഎ ഗുളികൾ, കഞ്ചാവ്, ഹാഷിഷ് എന്നിവ കണ്ടെത്തിയിരുന്നു.

ഗോവയിൽ നിന്നുള്ള ഇടപാടുകാരനിൽ നിന്നാണ് ലഹരി മരുന്ന് വാങ്ങിയതെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയാണ് ലഹരി മരുന്ന് ഉപയോഗിക്കുന്നതെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. ലഹരി മരുന്ന് ഏകാഗ്രത വർധിപ്പിക്കുമെന്നും മെഡിറ്റേഷൻ കുടൂതൽ നന്നായി ചെയ്യാൻ സഹായിക്കുമെന്നും ഇയാൾ അവകാശപ്പെട്ടു.

രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ ചോദ്യം ചെയ്തപ്പോഴാണ് ലഹരി പാർട്ടികളിലെ ‘ശ്രീ’ എന്നൊരാളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അറസ്റ്റിലായ മറ്റൊരു പ്രതി വൈഭവ് ജെയിനുമായി ഇയാൾക്ക് ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്ന് ഉറപ്പിച്ച പൊലീസ് ഇയാൾക്കു പിന്നാലെയായിരുന്നു. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. 

സിനിമയ്ക്കു പുറത്തുള്ള പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ  തീരുമാനം. ലഹരി മാഫിയകൾക്ക് സാമ്പത്തിക സഹായം നൽകിയവരിൽ ബിസിനസുകാരും രാഷ്ട്രീയ നേതാക്കളുടെ മക്കളും ബന്ധുക്കളുമുണ്ടെന്നാണ് വിവരം. മുൻ കോൺഗ്രസ് എംഎൽഎ ആർ.വി. ദേവരാജിന്റെ മകൻ ആർ.വി. യുവരാജ്, അവതാരകൻ അകുൽ ബാലാജി, നടൻ ആര്യൻ സന്തോഷ് എന്നിവരും ക്രൈംബ്രാഞ്ചിനു മുന്നിൽ ചോദ്യം ചെയ്യലിന്

നടൻ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ദേവനഹള്ളിയിലെ വില്ലയിൽ ലഹരി പാർട്ടി നടന്നുവെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ, ലഹരിമരുന്നു ഇടപാടുമായി ബന്ധമില്ലെന്നും വില്ലയുടെ നടത്തിപ്പ് വൈഭവ് ജെയിനിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും സന്തോഷ് മൊഴിനൽകി. ഒരുവർഷം മുമ്പ് ചുമതലകളിൽനിന്ന്‌ വൈഭവ് ജെയിനിനെ ഒഴിവാക്കിയെന്നും സന്തോഷ് പറഞ്ഞു.  

അതേസമയം നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. കൂട്ടുപ്രതികളായ വിരേൻ ഖന്ന, പ്രതീക് ഷെട്ടി, രാഹുൽ ഷെട്ടി, പ്രശാന്ത് രങ്ക, വൈഭവ് ജെയിൻ എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡിയും 30 വരെ നീട്ടി. നിലവിൽ ഇവർ ഇവർ പരപ്പന അഗ്രഹാര ജയിലിലാണ്.

MORE IN INDIA
SHOW MORE
Loading...
Loading...