നേപ്പാളിന് ആധുനിക സൗകര്യങ്ങളുള്ള 2 ഡെമു ട്രെയിൻ നൽകി ഇന്ത്യ; കുറിപ്പ്

ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ വീണ്ടും പുകയുകയാണ്. ഇതിനിടയിൽ ആധുനിക സൗകര്യങ്ങളുള്ള രണ്ടു ഡെമു ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ നേപ്പാളിന് കൈമാറി. റെയിൽവേ മന്ത്രാലയമാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്. കൊങ്കൺ റയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് നേപ്പാളിന്റെ ആവശ്യപ്രകാരം 52.46 കോടിരൂപയ്ക്ക് രണ്ടു ട്രെയിനുകൾ നിർമിച്ചു നൽകിയത്. 

അതേസമയം ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ സ്വന്തം ഭൂപടത്തിൽ രേഖപ്പെടുത്തിയതിനു പിന്നാലെ പുതുക്കിയ ഭൂപടം പാഠപുസ്തകത്തിലും പുതുതായി അച്ചടിക്കുന്ന കറന്‍സിയിലും ഉൾപ്പെടുത്തി നേപ്പാൾ വീണ്ടും പ്രകോപനമുണ്ടാക്കിയിരുന്നു.

പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളില്ലെല്ലാം തന്നെ പുതുക്കിയ ഭൂപടം അച്ചടിച്ചു നൽകുമെന്നും ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികൾക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉൾപ്പെടുത്തി പുസ്തകം തയാറാക്കി നൽകിയതായും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്റിയാൽ അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പാഠ്യ ഭാഗത്തിന് ആമുഖം തയാറാക്കിയിരിക്കുന്നത്. നേപ്പാളിന്റെ  ഭൂപ്രദേശങ്ങളും രാജ്യാന്തര അതിർത്തിയും ഉൾപ്പെടുത്തിയുള്ള ഭൂപടം എന്ന നിലയിലാണ് പുതുക്കിയ ഭൂപടം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നത്. 

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ എന്തു വില കൊടുത്തും നേപ്പാൾ തിരികെ കൊണ്ടുവരുമെന്നു നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി വെല്ലുവിളിച്ചിരുന്നു. ഇന്ത്യയുടെ ഭാഗമായ ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് , ലിംപിയാധുര എന്നിവിടങ്ങൾ തങ്ങളുടേതാക്കി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാൾ പാർലമെന്റിന്റെ അധോസഭയായ ജനപ്രതിനിധിസഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്.