കൊറോണ പിടിമുറുക്കാത്ത ഇന്ത്യയിലെ ഏക പ്രദേശം; ലക്ഷ്യം കണ്ട് ലക്ഷദ്വീപ്

covid-lakshadeep
SHARE

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കവിഞ്ഞു നിൽക്കെ, ഇന്ത്യയിൽ ഇതുവരെ കോവിഡിനു പിടികൊടുക്കാതെ ഒരിടമാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് കേസ് പട്ടികയിൽ ഉൾപ്പെടാത്ത ഇന്ത്യയിലെ ഒരേയൊരു പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. സ്കൂളുകൾ വീണ്ടും തുറക്കാൻ അനുവദിക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങൾ ഇപ്പോഴും സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ എതിർക്കുമ്പോഴായിരുന്നു ഇത്. നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബർ 21 ന് ലക്ഷദ്വീപിലെ സ്കൂളുകൾ വീണ്ടും തുറക്കും.

പ്രദേശത്ത് ഇതുവരെ 61 പേർക്ക് കോവിഡ് പരിശോധന നടത്തി. എല്ലാവർക്കും നെഗറ്റിവായിരുന്നുവെന്ന് ലക്ഷദ്വീപ് ആരോഗ്യ സെക്രട്ടറി ഡോ. എസ്. സുന്ദരവടിവേലു പറയുന്നു. കൊച്ചിയിലായിരുന്നു പരിശോധന. കർശന നിയന്ത്രണങ്ങളും നീണ്ട ക്വാറന്റീൻ കാലഘട്ടവും സമഗ്രമായ കോവിഡ് പരിശോധനയുമാണ് വൈറസിനെ ചെറുത്തു തോൽപിക്കാൻ ലക്ഷദ്വീപിനെ സഹായിച്ചത്. കോവിഡ് ലക്ഷദ്വീപിൽ കടന്നുകൂടിയാൽ, അപര്യാപ്തമായ ആരോഗ്യ സംവിധാനം പൂർണമായും തകരുമെന്ന തിരിച്ചറിവാണ് ശക്തമായ പ്രതിരോധ നടപടികൾക്കു പ്രേരണയായതെന്നു സുന്ദരവടിവേലു പറയുന്നു. പ്രവേശന നിയന്ത്രണ സംവിധാനത്തിലൂടെ ആളുകൾ ലക്ഷദ്വീപിലേക്ക് വരുന്നത് തടയുകയായിരുന്നു ഏറ്റവും പ്രധാനം.

പകർച്ചവ്യാധിയുടെ തുടക്കത്തിൽത്തന്നെ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ലക്ഷദ്വീപിലേക്കു പ്രവേശിക്കാൻ ലക്ഷദ്വീപ് ഭരണകൂടം നൽകിയ എൻട്രി പെർമിറ്റ് ആവശ്യമാണ്. യാത്രക്കാർക്ക് കർശന പരിശോധനയും നടത്താൻ തുടങ്ങി. അതേസമയം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ആഭ്യന്തര യാത്രക്കാർക്കായി പരിശോധന ആരംഭിച്ചത് വളരെ പിന്നീടാണ്. ‘ഇപ്പോൾ പോലും കുറച്ചു സംസ്ഥാനങ്ങൾ മാത്രമാണ് പ്രീ-ബോർഡിങ് പരിശോധന നടത്തുന്നത്. എന്നാൽ ഞങ്ങൾ വളരെ മുൻപേ കൊച്ചി വിമാനത്താവളത്തിൽ പ്രീ-ബോർഡിങ് പരിശോധന ആരംഭിച്ചു’ അദ്ദേഹം പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...