2242 രൂപ തട്ടി, ഒത്തുതീര്‍പ്പിന് 55 ലക്ഷം; ഇനി എല്ലാം സുപ്രീം കോടതി പറയും

cash-court
SHARE

വ്യാജ അക്കൗണ്ട് ഉണ്ടാക്കി 1994ല്‍ 2242 രൂപ 50 പൈസ തട്ടിയെടുത്ത കേസില്‍ നിന്ന് തലയൂരാന്‍ പ്രതി ചെലവിടുന്നത് 55 ലക്ഷം രൂപ. അന്‍പത് ലക്ഷം രൂപ പരാതിക്കാരനും അഞ്ച് ലക്ഷം രൂപ കോടതി ചെലവിനുമാണ് പ്രതി നല്‍കേണ്ടിവരിക. കേസില്‍ അടുത്താഴ്ച സുപ്രീംകോടതി തീരുമാനം പ്രഖ്യാപിക്കും.

വിചിത്രവും അസാധാരണവുമായ കേസിന്റെ ചരിത്രം തുടങ്ങുന്നത് 1992ലാണ്. ഡല്‍ഹി സ്റ്റോക് എസ്‍ചേഞ്ചിലെ മാനേജറായിരുന്ന  മഹേന്ദ്ര സിങ് ശാരദയാണ് കേസിലെ പ്രതി. ഇവിടെ സ്റ്റോക് ഇടനിലക്കാനായിരുന്ന ഹരി ഓം മഹേശ്വരി എന്നയാളുടെ പേരിലുള്ള 2242.50 രൂപയുടെ ചെക്ക് നിയമവിരുദ്ധമായി കൈക്കലാക്കിയ മഹേന്ദ്രസിങ് പണം തട്ടിയെടുക്കകയായിരുന്നു. ഇതിനെതിരെ ഹരിഓം മഹേശ്വരി 1997ല്‍ പൊലീസില്‍ പരാതി നല്‍കി. വഞ്ചന, വ്യാജരേഖ ചമയ്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു. കോടതിയില്‍ കേസിനെ ആദ്യം നേരിട്ടെങ്കിലും തെളിവുകള്‍ എതിരാണെന്ന് ബോധ്യമായപ്പോള്‍ പ്രതി  മഹേന്ദ്ര സിങ് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. നഷ്ടപരിഹാരമായി അന്‍പത് ലക്ഷം രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ പരാതിക്കാരനുമായി ഒത്തുതീര്‍പ്പിലെത്തി. എന്നാല്‍, കുറ്റങ്ങള്‍ ഗുരുതരമായതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഇതോടെയാണ് മഹേന്ദ്ര സിങ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.കെ.കൗള്‍ അധ്യക്ഷനായ ബെഞ്ച്, ഒത്തുതീര്‍പ്പിന് രണ്ട് പതിറ്റാണ്ട് എടുത്തതിനെ ചോദ്യം ചെയ്തു. ഒത്തുതീര്‍പ്പ് തുകയായ 50 ലക്ഷത്തിന് പുറമേ കോടതിയുടെ സമയം പാഴാക്കിയതിന് അഞ്ചുലക്ഷം രൂപ കോടതിയിലും കെട്ടിവയ്‍ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. വ്യവസ്ഥ പ്രതി അംഗീകരിച്ചെങ്കിലും ഡല്‍ഹി പൊലീസിന്റെ നിലപാട് തേടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. അടുത്താഴ്ച ഡല്‍ഹി പൊലീസിന്റെ അഭിപ്രായം കൂടി കേട്ടശേഷം കേസില്‍ സുപ്രീംകോടതി നിലപാട് വ്യക്തമാക്കും. കേസ് അവസാനിപ്പിക്കാന്‍ കോടതി അനുവദിച്ചാല്‍ 50 ലക്ഷം രൂപ പരാതിക്കാരനും അ‍ഞ്ച് ലക്ഷം രൂപ കോടതിയിലും കെട്ടിവച്ച് പരാതിക്കാരന് തലയൂരാം. കോടതിയുടെ നിലപാട് എതിരാണെങ്കില്‍ ക്രിമിനല്‍ നിയമനടപടികള്‍ നേരിട്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും.

MORE IN INDIA
SHOW MORE
Loading...
Loading...