‌വാക്സീന്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയേക്കും‍; 92 രാജ്യങ്ങളിൽ 250 രൂപയ്ക്ക്?

covid-vaccine-dec
SHARE

കോവിഡ് മഹാമാരി തീര്‍ത്ത അകലത്തിന്‍റെ മതിലുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടുന്ന ജനതയ്ക്ക് ആശ്വാസവാര്‍ത്ത. വാക്സീന്‍ ഇൗ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. ഡിസംബര്‍ വിട്ടുപോകില്ലെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. പുണെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന സീറം–ഓക്സ്ഫഡ് കോവിഷീല്‍ഡ്  ആയിരിക്കും ഇന്ത്യയില്‍ ആദ്യമെത്തുന്ന വാക്സീന്‍.  

അവസാനഘട്ട മനുഷ്യപരീക്ഷണം വിജയിച്ചാല്‍ ഡിസംബറില്‍ വാക്സീന്‍ പുറത്തിറക്കുമെന്ന സീറം ഇന്‍റസ്റ്റിറ്റ്യൂട്ടിന്‍റെ അവകാശവാദം മുഖവിലയ്ക്കെടുക്കാം. കാരണം ലോകത്തു 3 പേര്‍ വാക്സീന്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ട് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന വാക്സീനാണെന്നാണു കണക്കുകൾ. ലോകത്തെ ഏറ്റവും വലിയ വാക്സീന്‍ നിര്‍മാതാക്കളെന്ന ഖ്യാതി ഇന്ത്യയ്ക്ക് നേടിത്തന്നതും ഇൗ കമ്പനിയാണ്.

ഇന്ത്യന്‍ വാക്സീന്‍ വൈകും

കോവീഷീല്‍ഡിനെക്കൂടാത ഇന്ത്യയില്‍ നിര്‍ണായക മനുഷ്യ പരീക്ഷണഘട്ടത്തിലെത്തിയിരിക്കുന്ന രണ്ടു വാക്സീനുകളും ഇൗ വര്‍ഷം വിപണിയിലെത്തിയേക്കില്ല. ഭാരത് ബയോടെക്കിന്‍റെ കോവാക്സീനും സൈഡസ് കാഡിലയുടെ സൈക്കോവ് ഡിയുമാണ് ആ രണ്ടു വാക്സീനുകള്‍. ഇവ രണ്ടും പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച വാക്സീനുകളുമാണ്. സീറം ഇന്‍റസ്റ്റിറ്റ്യൂട്ടിനു മുന്‍പേ ഇവര്‍ ഇന്ത്യയില്‍ മനുഷ്യപരീക്ഷണം ആരംഭിച്ചതുമാണ്.  എന്നാല്‍ കോവാക്സീന്‍ മനുഷ്യപരീക്ഷണത്തിന്‍റെ ഒന്നാം ഘട്ടത്തിലും സൈക്കോവ് ഡി രണ്ടാംഘട്ടത്തിലും മാത്രമാണ് എത്തിയിട്ടുള്ളത്.

കോവീഷീല്‍ഡ് ആദ്യമെത്തുന്നതെങ്ങനെ?

വിദേശത്ത് ആദ്യ രണ്ടുഘട്ട പരീക്ഷണങ്ങള്‍ വിജയിച്ച ഒാക്സഫഡ് സര്‍വകലാശാല വികസിപ്പിച്ച  വാക്സീനാണു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വിപണിയിലെത്തിക്കുന്നത്. വിദേശത്ത് ഒന്നും രണ്ടും ഘട്ട മനുഷ്യപരീക്ഷണങ്ങള്‍ പൂര്‍ണവിജയമായതിനാല്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ നടത്തുന്നത്.  ഒന്നാംഘട്ടം വീണ്ടും ഇന്ത്യയില്‍ നടത്തുന്നില്ല. അതില്‍ത്തന്നെ‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഒന്നിച്ചാണ് നടത്തുന്നത്. വിദേശത്ത് പരീക്ഷിച്ചു വിജയമുറപ്പിച്ചതുകൊണ്ടു മാത്രമാണ് ഇന്ത്യയില്‍ പരീക്ഷണം വേഗത്തില്‍ നടത്താന്‍ അനുമതി ലഭിച്ചത്. ഇത് വാക്സീൻ എത്താൻ വഴിയൊരുക്കുന്നു.  

പരീക്ഷണത്തിനൊപ്പം നിര്‍മാണവും

ഇന്ത്യയില്‍ മനുഷ്യപരീക്ഷണം ആരംഭിക്കും മുന്‍പേ ജൂണില്‍ വാക്സീന്‍ നിര്‍മാണം തുടങ്ങിയ കമ്പനി കൂടിയാണു സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. പരീക്ഷണ ഘട്ടത്തിൽത്തന്നെ നിര്‍മാണം തുടങ്ങിയതും വാക്സീന്‍ ആദ്യം വിപണിയിലെത്തിക്കാന്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനു സഹായകമാകും.  ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താൽ പ്രതിമാസം ആറു കോടി മുതല്‍ ഏഴു കോടി വരെ വാക്സീന്‍ ഉല്‍പാദിപ്പിക്കും. കാലക്രമേണ അത് 10 കോടിയാക്കാനാണു തീരുമാനം. പരീക്ഷണം പരാജയമായാൽ മുൻകൂർ നിർമിച്ചു വയ്ക്കുന്ന വാക്സീൻ ഉപേക്ഷിച്ചു നഷ്ടം ഏറ്റെടുക്കാനാണു സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം.

92 രാജ്യങ്ങളിൽ 250 രൂപയ്ക്ക്?

ഇന്ത്യയില്‍ കോവിഡ് വാക്സീന്‍ ലഭ്യമാകുന്നത് 250 രൂപയ്ക്കായിരിക്കും. ഇന്ത്യയടക്കം 92 രാജ്യങ്ങളിൽ 250 രൂപയ്ക്കു വാക്സീന്‍ ലഭ്യമാക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കരാറൊപ്പിട്ടിട്ടുണ്ട്. ബിൽ ഗേറ്റ്സിൻറെ ജീവകാരുണ്യ സംരംഭമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ഗാവീ വാക്സീനുമായാണു കരാര്‍. പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കും പ്രതിരോധ കുത്തിവയ്പുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആഗോള ആരോഗ്യസംഘടനയാണ് ഗാവി. ഇടത്തരം സാമ്പത്തിക നിലവാരത്തിലുള്ളതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ രാജ്യങ്ങൾക്കായി 10 കോടി ഡോസ് വാക്സീൻ നിർമിക്കാനാണു പദ്ധതി.

രോഗപ്രതിരോധപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ വാക്സീന്‍ സൗജന്യമായി ലഭിക്കാനും സാധ്യതയുണ്ട്. വാക്സീന്‍ തങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ക്കു സൗജന്യമായി ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനായി ഒാക്സ്ഫഡ് വാക്സീന്‍ തന്നെയാണ് ഒാസ്ട്രേലിയ തിരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ വാക്സീന്‍ ലഭ്യമാക്കാനും സ്വന്തമായി നിര്‍മിക്കാനും  ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കരാറൊപ്പിട്ടുകഴിഞ്ഞു. ഒാക്സ്ഫഡ് സര്‍വകലാശാലയുമായി ചേർന്നു വാക്സീന്‍ വികസിപ്പിച്ച ബ്രിട്ടീഷ് സ്വീഡിഷ് ഫാര്‍മ കമ്പനി അസ്ട്രാസെനകയുമായാണു കരാര്‍

ആദ്യം വേണ്ടത് 50 ലക്ഷം ഡോസ് ‌

ഇന്ത്യയിലും വിദേശത്തും നടക്കുന്ന വാക്സീൻ ഗവേഷണങ്ങളുടെ പുരോഗതി നിരന്തരം നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി രൂപീകരിച്ച വിദ്ഗധസമിതിയുടെ വിലയിരുത്തലും ആദ്യമെത്തുന്ന വാക്സീന്‍ സീറം ഒാക്സ്ഫഡ് കോവീഷീല്‍ഡ് തന്നെയാകുമെന്നാണ്. ആദ്യഘട്ടത്തില്‍ 50 ലക്ഷം ഡോസ് ലഭ്യമാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.

ആദ്യം ആര്‍ക്കൊക്കെ?

വാക്സീന്‍ വിപണിയിലെത്തിയാല്‍ ആദ്യം ഏത് ആര്‍ക്കാകും ലഭ്യമാക്കുക എന്നതാണ് പ്രധാന ചോദ്യം. കോവിഡ് പോരാളികൾക്ക് എന്നതു മാത്രമാണ് ഉത്തരം. ആരോഗ്യപ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസുകാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യം വാക്സിനേഷനെടുക്കുക. അടുത്തഘട്ടത്തില്‍ രോഗികളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവരെ ആയിരിക്കും പരിഗണിക്കുക. വാക്സീന്‍റെ സുരക്ഷാകവചവുമായി കോവിഡിനെ നാം കോവിഡിനെ നേരിടുന്ന കാലം അധികം അകലെയാവില്ലെന്ന പ്രത്യാശയോടെ.

MORE IN INDIA
SHOW MORE
Loading...
Loading...