പൈലറ്റിന്റെ സീറ്റ് പിന്നിലേക്ക് മാറ്റി; അതിർത്തി കാക്കാൻ വിട്ടതെന്ന ‘മുന’ വച്ച് മറുപടി

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൈകൊടുത്ത് ഇന്നു നിയമസഭയിൽ ഹാജരായ സച്ചിൻ പൈലറ്റിന് ഇരിപ്പിടം പിന്നിൽ. രണ്ടാം നിരയിൽ പ്രതിപക്ഷ സീറ്റുകളോടു ചേർന്നാണ് പുതിയ ഇരിപ്പിടം. ഭരണകക്ഷി സീറ്റുകളുടെ അവസാനഭാഗത്താണ് പൈലറ്റിന്റെ സീറ്റ്. മാത്രമല്ല, നേരത്തെ ഇരുന്ന സീറ്റിന്റെ എതിർവശത്തായും വരും ഇത്.

അവസാനത്തെ നിയമസഭാ സമ്മേളനത്തിൽ ഉപമുഖ്യമന്ത്രിയായിരുന്ന പൈലറ്റ് അന്നിരുന്നത് മുൻനിരയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ തൊട്ടടുത്തായിരുന്നു. എന്നാൽ വെള്ളിയാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിൽ പാർട്ടിയിൽ വിമത സ്വരം ഉയർത്തിയതിനെത്തുടർന്ന് സ്വന്തം കസേര തെറിച്ച പൈലറ്റിന്റെ സീറ്റ് പിൻനിരയിലായത് ബിജെപി ചോദ്യം ഉന്നയിക്കുകയും ചെയ്തു.

അതേസമയം, സീറ്റ് മാറ്റിയതിനെ പൈലറ്റ് ന്യായീകരിച്ചത് ഒരേപോലെ ബിജെപിക്കും സ്വന്തം പാർട്ടിക്കാർക്കുമുള്ള സന്ദേശമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ‘സഭയിലെത്തിയപ്പോഴാണ് സീറ്റ് മാറ്റിയത് അറിയുന്നത്. എന്തുകൊണ്ടെന്ന് താനും അമ്പരന്നു. ഞാനവിടെ പോയിരുന്നപ്പോൾ സുരക്ഷിതമാണെന്ന് എനിക്കു തോന്നി. ഇപ്പോൾ ഞാൻ പ്രതിപക്ഷ സീറ്റുകൾക്ക് അടുത്താണ്. അതിർത്തിയിലാണ് എന്നെ ഇരുത്തിയിരിക്കുന്നതെന്നു തിരിച്ചറിഞ്ഞു. ഏറ്റവും ധൈര്യശാലിയും ശക്തനുമായ പോരാളിയെയാണ് അതിർത്തി കാക്കാൻ വിടുകയെന്നതാണ് ഇതിനു കാരണം’ പൈലറ്റ് പറഞ്ഞു.

‘നേരത്തേ, താൻ സർക്കാരിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ അല്ല. എവിടെയാണ് ഇരിക്കുന്നത് എന്നതല്ല പ്രധാനം. ജനങ്ങളുടെ മനസ്സിലും ഹൃദയത്തിലും എന്താണെന്നുള്ളതാണ്. സീറ്റ് എവിടെയെന്നതൊക്കെ സ്പീക്കറും പാർട്ടിയുമാണ് തീരുമാനിക്കുന്നത്. ഞാനതിൽ അഭിപ്രായം പറയുന്നില്ല’ – അദ്ദേഹം പിന്നീടു പറഞ്ഞു.