‘നഭഃ സ്പർശം ദീപ്തം’: റഫാലിന് ‍സംസ്കൃതത്തിൽ സ്വാഗതമോതി മോദി

ഫ്രാൻസിൽ നിന്നെത്തിയ 5 റഫാൽ യുദ്ധവിമാനങ്ങൾക്ക് സംസ്കൃതത്തിൽ സ്വാഗതമോതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ റഫാൽ പറന്നിറങ്ങിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി സംസ്കൃതത്തിൽ ട്വീറ്റ് ചെയ്തത്. ‘രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ വലിയ അനുഗ്രഹം മറ്റൊന്നില്ല. രാജ്യത്തെ സംരക്ഷിക്കുന്നത് ഒരു പുണ്യപ്രവർത്തിയാണ്, രാജ്യത്തെ സംരക്ഷിക്കുന്നതാണ് ഏറ്റവും മികച്ച യജ്ഞം. അതിനപ്പുറം ഒന്നുമില്ല. പ്രതാപത്തോടെ ആകാശത്തെ തൊടൂ. സ്വാഗതം.’

ഇന്ത്യൻ വ്യോമസേനയുടെ ചിഹ്നത്തിൽ കൊത്തിവച്ചിരിക്കുന്ന മുദ്രാവാക്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റിലെ പരാമർശം. ‘നഭഃ സ്പർശം ദീപ്തം’ എന്നാണ് സംസ്കൃതത്തിൽ വ്യോമസേനയുടെ ചിഹ്നത്തിലെ മുദ്രാവാക്യം. ‘പ്രതാപത്തോടെ ആകാശം തൊടുക’ എന്നാണ് അർഥം. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.

ബുധനാഴ്ച വൈകിട്ടാണ് റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തി. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിച്ചു.