‘മാസ്ക്കില്ലാതെ അലഞ്ഞ് ആട്’; കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്; വിചിത്ര വാദം

കോവിഡ് പ്രതിസന്ധി രാജ്യത്ത് കടുക്കുമ്പോൾ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടികളുമായി പൊലീസും മുന്നോട്ടുപോവുകയാണ്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോ വിചിത്രമായ ഒരു കസ്റ്റഡിയുടെ കഥ പറയുന്നതാണ്. മാസ്ക് ധരിക്കാതെ അലഞ്ഞുനടന്ന ഒരു ആടിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.

റോ‍ഡിലൂടെ അലഞ്ഞുനടന്ന ആടിന് മുന്നിൽ പൊലീസ് ജീപ്പ് നിർത്തി. അതിൽ നിന്നും പൊലീസുകാരെത്തി ആടിനെ ജീപ്പിൽ കയറ്റി കൊണ്ടുപോകുന്ന വിഡിയോ ഇപ്പോൾ വൈറലാണ്. സംഭവം അറിഞ്ഞ് ആടിന്റെ ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് വിചിത്രമായ ആവശ്യം പൊലീസുകാർ മുന്നോട്ടുവച്ചത്.

‘ആടിനെ െകാണ്ടുപൊയ്ക്കോ പക്ഷേ ഇനി മാസ്ക് ഇല്ലാതെ ആടിനെ പുറത്തുവിടരുത്. ഇവിടെ നായ്ക്കളെ വളർത്തുന്നവർ അതിന് മാസ്ക് ധരിപ്പിക്കുന്നുണ്ട്. പിന്നെന്താ ആടിനെ മാസ്ക് ധരിപ്പിച്ചാൽ..’ പൊലീസുകാർ ഉടമയോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

എന്നാൽ വിഡിയോ വൈറലായതോടെ പൊലീസ് പറയുന്ന കഥ മറ്റൊന്നാണ്. ആടിനൊപ്പം മാസ്ക് ധരിക്കാതെ ഒരു യുവാവ് ഉണ്ടായിരുന്നെന്നും പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടപ്പോൾ ആടിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു എന്നാണ് പൊലീസ് വാദം.