റഫാല്‍ പോര്‍വിമാനങ്ങൾ പുറപ്പെട്ടു; ‘ഫ്രാന്‍സ് ടു ഇന്ത്യ’; ആകാശത്ത് ഇന്ധനം നിറയ്ക്കും

refales-new
SHARE

ലോകത്തെതന്നെ ഏറ്റവും കരുത്തുറ്റ റഫാല്‍ പോര്‍വിമാനങ്ങളിൽ അഞ്ചെണ്ണം സര്‍വസജ്ജമായി ഫ്രാന്‍സില്‍നിന്ന് ഇന്ന് ഇന്ത്യയിലേക്കു യാത്ര പുറപ്പെട്ടു. 29ന് ഹരിയാനയിലെ അംബാലയില്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്തുന്നതോടെ ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക. അതിനിടയില്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലിനെ അനുഗമിക്കുന്നുണ്ട്.

ഫ്രാന്‍സില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഇന്ത്യന്‍ പൈലറ്റുമാരാണ് റഫാല്‍ നാട്ടിലേക്ക് എത്തിക്കുന്നത്. എല്ലാവിധ യുദ്ധസന്നാഹങ്ങളും സജ്ജമാക്കി പോരാട്ടത്തിനു തയാറാക്കിയ വിമാനങ്ങളാണ് അംബാലയില്‍ എത്തിക്കുന്നത്. മേയില്‍ എത്തേണ്ടിയിരുന്നതാണ് വിമാനങ്ങള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു വൈകിയത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി കരാറിലേര്‍പ്പെടാന്‍ മുന്‍കൈ എടുത്ത വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയയുടെ ബഹുമാനാര്‍ഥം വിമാനത്തില്‍ ആര്‍ബി എന്നു രേഖപ്പെടുത്തും.

റഫാലിന്റെ പ്രത്യേകതകള്‍

∙ വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപ.

∙ യുദ്ധസജ്ജമായ വിമാനത്തിനു വില 1611 കോടി.

∙ ഇന്ത്യയുടെ ആവശ്യാനുസരണം പുനര്‍കല്‍പന ചെയ്ത വിമാനങ്ങളാണ്. റേഞ്ച് 1055 കിലോമീറ്റര്‍.

∙ 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷി.

∙ 150 കിലോമീറ്ററിലേറെ സഞ്ചാരശേഷിയുള്ള എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ വഹിക്കാം.

∙ ആണവമിസൈല്‍ കൊണ്ടുള്ള ആക്രമണത്തിനും ശേഷി.

∙ അത്യാധുനിക റഡാര്‍ സംവിധാനം.

∙ ശത്രുവിന്റെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനം.

∙ ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്ത്.

∙ ആക്രമിക്കാനെത്തുന്ന ശത്രുമിസൈലുകള്‍ വഴിതിരിച്ചു വിടും.

∙ ഇന്ത്യയില്‍നിന്ന് അയല്‍രാജ്യത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കാനാവും.

MORE IN INDIA
SHOW MORE
Loading...
Loading...