4.22 ലക്ഷം ബില്ലടപ്പിച്ചു; പിന്നാലെ കോവിഡ് ബാധിച്ച് മരിച്ചെന്ന് ആശുപത്രി

covid mom and daughter.jpg.image.845.440
SHARE

4.22 ലക്ഷം രൂപ ചികിത്സാ ബിൽ അടപ്പിച്ചു 2 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിത മരിച്ചതായി സ്ഥിരീകരിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രി. കോവിഡിനിടെ സ്വകാര്യ ആശുപത്രികൾ നടത്തുന്ന ചികിത്സാ കൊള്ളയുടെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് ജഗത്പുരിക്കടുത്ത് രാധേ ശ്യാംപാർക്ക് എക്സ്റ്റൻഷനിലെ നരേന്ദ്രകൗർ (52). 

മകൾ മായങ്ക സംഗോത്രി പറയുന്നത്: ജൂൺ 24ന് അമ്മയെ കട്കട്ഡൂമ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രതിദിനം 35,000 രൂപ ചികിത്സാച്ചെലവിനോടൊപ്പം 4 ലക്ഷം രൂപ മുൻകൂറായി ആവശ്യപ്പെട്ടു. ആദ്യം 50,000 രൂപയും ഒരാഴ്ചയ്ക്കു ശേഷം 2 ലക്ഷം രൂപയും അടച്ചു. 12 ാം ദിവസം 7.45 ലക്ഷം രൂപയുടെ ബിൽ നൽകി.

എന്നാൽ, സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാൾ കൂടുതലായതിനാൽ പരാതിപ്പെട്ടു. അധികൃതർ ഇടപെട്ടെങ്കിലും ആശുപത്രി തുക കുറച്ചില്ല. 18 ാം ദിവസം ബിൽ തുക 11.26 ലക്ഷമായി. പണം സ്വരൂപിക്കുന്നതിനിടെ സർക്കാർ നിരക്കിൽ അന്നു തന്നെ ബില്ലടയ്ക്കാൻ ആശുപത്രി ആവശ്യപ്പെട്ടു. ജൂലൈ 17 വൈകിട്ട് 7ന് 4.22 ലക്ഷം രൂപ അടച്ചു. രാത്രി 9ന് ആശുപത്രി അധികൃതർ വിളിച്ച് ഹൃദയാഘാതം മൂലം അമ്മ മരിച്ചതായി അറിയിച്ചു. 

സംസ്ഥാന സർക്കാരുകൾ കോവിഡ് ചികിത്സയ്ക്ക് നിരക്കു നിശ്ചയിച്ചു നൽകിയിട്ടുണ്ടെങ്കിലും അമിതനിരക്ക് നിരീക്ഷിക്കാനോ പരാതി പരിഹാരത്തിനോ ഔദ്യോഗിക സംവിധാനം ശക്തമല്ലെന്നു പരാതിക്കാർ. സർക്കാർ നിരക്കിൽ നൽകേണ്ട കിടക്കകൾ ഉയർന്ന നിരക്കിൽ നൽകുന്നതും മരുന്നിനും പിപിഇ കിറ്റിനും വേറെ ബിൽ നൽകുന്നതും പതിവാണെന്നു പരാതിയുണ്ട്. 

സർക്കാർ നിരക്ക്

ഡൽഹി ആശുപത്രികളിലെ ഐസലേഷൻ കിടക്കയ്ക്കു പ്രതിദിനം 8,000– 10,000 രൂപ. ഐസിയു സൗകര്യമുള്ള കിടക്കയ്ക്കു 13,000–15,000 രൂപ. വെന്റിലേറ്ററിനു 15,000–18,000 രൂപ. പിപിഇ കിറ്റിന്റേതടക്കമാണ് ഈ നിരക്ക്.

MORE IN INDIA
SHOW MORE
Loading...
Loading...