എംഎൽഎമാർക്ക് 25 കോടി; സർക്കാര്‍ അട്ടിമറിക്കാൻ ബിജെപി ശ്രമം: ഗെലോട്ട്

sachin-bjp-rajasthan
SHARE

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട്. എംഎൽഎമാർക്കു പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തു കൂറുമാറ്റാൻ ശ്രമിക്കുകയാണ്. സ്ഥാനമാനങ്ങൾക്കു പുറമേ 25 കോടി രൂപവരെയാണ് കൂറുമാറുന്നതിന് എംഎൽഎമാർക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഗെലോട്ട് ആരോപിച്ചു.

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് 24 കോൺഗ്രസ് എംഎൽഎമാർ വെള്ളിയാഴ്ച രാത്രി വൈകി സംയുക്ത പ്രസ്താവന ഇറക്കിയതിന്റെ പിന്നാലെയാണു ആരോപണവുമായി മുഖ്യമന്ത്രി നേരിട്ടു രംഗത്തെത്തിയത്. ചീഫ് വിപ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ് മഹേന്ദ്ര ചൗധരിയും ഒപ്പിട്ട പ്രസ്താവനയിൽ ബിജെപിയുടെ ഉന്നത നേതാക്കളാണു ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് എംഎൽഎമാർ കുറ്റപ്പെടുത്തിയിരുന്നു. കർണാടകയിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ച് അതേ രീതിയാണു രാജസ്ഥാനിലും ബിജെപി തുടരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

10 കോടി മുൻകൂറായും ഭരണം വീണാൽ 15 കോടിയും എന്നാണു വാഗ്ദാനം. ചിലർക്കു കൂടിയ തുകയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു. 200 അംഗ നിയമസഭയിൽ 107 അംഗങ്ങളാണു കോൺഗ്രസിനുള്ളത്. 12 സ്വതന്ത്രരുടെയും രാഷ്ട്രീയ ലോക്ദൾ (1), ഭാരതീയ ട്രൈബൽ പാർട്ടി (2) എന്നിവയുടേയും പിന്തുണ നിലവിൽ സർക്കാരിനുണ്ട്. സിപിഎമ്മിനും രണ്ട് എംഎൽഎമാരുണ്ട്.

അതിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്തു കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റത്തിനു പ്രേരിപ്പിച്ചെന്ന കേസിൽ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അശോക് സിങ്, ഭരത് മലാനി എന്നിവരാണ് പിടിയിലായിരിക്കുന്നത്. ബിജെപി സ്ഥാനാർഥിക്ക് വോട്ടു ചെയ്യുന്നതിന് കോൺഗ്രസിന്റെയും സ്വതന്ത്രരുമായ എംഎൽഎമാർക്ക് 20 മുതൽ 25 വരെ കോടി രൂപ വാഗ്ദാനം ചെയ്തെന്നു കാണിച്ചു കോൺഗ്രസ് ചീഫ് വിപ് മഹേഷ് ജോഷി നൽകിയ പരാതിയിലാണു നടപടി.

ബിജെപി നിശ്ചിയിക്കുന്ന ആളെ മുഖ്യമന്ത്രിയാകാൻ സമ്മതിക്കണമെന്നും സച്ചിൻ പൈലറ്റിനെ കേന്ദ്രത്തിൽ മന്ത്രിയാക്കാമെന്നും ഉൾക്കൊള്ളുന്ന ഫോൺ സംഭാഷണങ്ങൾ ലഭിച്ചതായും ഇതു സംബന്ധിച്ച എഫ്ഐആറിൽ പറയുന്നു. ഭരണ മാറ്റത്തിനു സഹായിക്കുന്നതിലൂടെ പ്രതികൾക്കു 2000 കോടി രൂപയുടെ നേട്ടം ലഭിക്കുമെന്നു വ്യക്തമാക്കിയിരുന്നതായും എഫ്ഐആറിൽ പറയുന്നു. എന്നാൽ ഇവർ ഇരുവരും ആയുധക്കടത്തിലടക്കം പ്രതികളായ കുറ്റവാളികളാണെന്നും പാർട്ടിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും ബിജെപി നേതാക്കൾ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...