'എന്താ ഉണ്ടാക്കുന്നത്, നല്ല മണമുണ്ടല്ലോ?'; കോവിഡ് തിരിച്ചറിഞ്ഞ വഴി; നേരിട്ടതും

ന്യൂ‍ഡൽഹി ആർഎംഎൽ ആശുപത്രിയിലെ കോവിഡ് രോഗമുക്തരായ സീനിയർ നഴ്സിങ് ഓഫിസർ മേഴ്സി ബിനോയി, ഭർത്താവ് ബിനോയ് തോമസ് എന്നിവർ അനുഭവം പങ്കുവയ്ക്കുന്നു...

മേയ് 25നു നൈറ്റ് ഡ്യൂട്ടിയ്ക്കിടെയാണു ചെറിയ അസ്വസ്ഥ അനുഭവപ്പെട്ടു തുടങ്ങിയത്. 26നു ഓഫ് ദിവസമായിരുന്നു. അന്നു വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു പാരസെറ്റാമോൾ കഴിച്ചു. 27നു കടുത്ത തലവേദന, തൊണ്ടയ്ക്ക് അസ്വസ്ഥത, ചെറിയ ചുമ എന്നീ ലക്ഷണങ്ങൾ. ഡോക്ടറെ വിളിച്ച് കോവിഡ് ടെസ്റ്റ് നടത്തണോ എന്നു ചോദിച്ചു. പക്ഷേ, ഇപ്പോൾ നോക്കിയാലും നെഗറ്റീവ് റിസൽറ്റാകും അതിനാൽ 5–6 ദിവസം കഴിഞ്ഞു നോക്കിയാൽ മതിയെന്നു മറുപടി.

28നു രാത്രി കടുത്ത തൊണ്ടവേദനയായി. 100 ഡിഗ്രി പനിയും. ഭർത്താവ് ബിനോയ് തോമസ് 28നാണ് അവസാനം ഓഫിസിൽ പോയത്. 29നു അദ്ദേഹത്തിനും കാലുവേദനയും ചെറിയ പനിയും അനുഭവപ്പെട്ടു തുടങ്ങി. ഇതിനിടെ എന്റെ പനിയെല്ലാം മാറിയിരുന്നു. ഭർത്താവിന് അപ്പോഴും ക്ഷീണവും അസ്വസ്ഥതയുമുണ്ടായിരുന്നു. രണ്ടു ദിവസം വളരെ സജീവമായി അടുക്കള ജോലിയെല്ലാം ചെയ്തു. 1–ാം തീയതി മുതൽ വീണ്ടും ജോലിക്കു പോകാമെന്നായിരുന്നു അപ്പോഴത്തെ തീരുമാനം.

30നു അടുക്കളയിൽ ഭക്ഷണമുണ്ടാക്കുന്നതിനിടെ മകൻ അടുത്തെത്തി ‘എന്താ ഉണ്ടാക്കുന്നത്, നല്ല മണമുണ്ടല്ലോ’ എന്നു ചോദ്യം. എനിക്ക് മണമൊന്നും അനുഭവപ്പെടുന്നതേയില്ല. അപ്പോൾ സംശയമായി. പലതും മണത്തു നോക്കിയെങ്കിലും അതേ സ്ഥിതി തന്നെ. അപ്പോൾ സംശയമായി. കോവിഡ് ആയിരിക്കുമെന്ന ആശങ്കയുയർന്നു. അന്നു രാത്രി ഉറങ്ങിയിട്ടില്ല. 31നു രാവിലെ ഭർത്താവിനെയും കൂട്ടി ആശുപത്രിയിൽ പോയി. ജൂൺ 1നു രാവിലെ ഡോക്ടർ വിളിച്ചു പറഞ്ഞു കോവിഡാണ് ഫലമെന്ന്.

ആദ്യം അൽപമൊന്ന് ആശങ്കപ്പെട്ടെങ്കിലും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കരുത്തായി ഒപ്പം നിന്നു. കോളജ് പഠനകാലത്തെ സുഹൃത്തുക്കളും വാട്സാപ് ഗ്രൂപ്പിൽ പലർക്കും കോവിഡ് വന്നു സുഖപ്പെട്ടിരുന്നു. അവരൊക്കെ ആത്മവിശ്വാസം തന്നു. എന്റെ രോഗലക്ഷണങ്ങൾ മാറിയിരുന്നെങ്കിലും രുചിയും മണവുമൊക്കെ തിരിച്ചു വന്നത് 10 നാണ്. ബിനോയിയുടെ ക്ഷീണം മാറാൻ പിന്നെയും ദിവസമെടുത്തു. ഈ സമയത്തെല്ലാം മക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും അവരെ മാസ്കും മറ്റും ധരിപ്പിച്ച് മറ്റൊരു മുറിയിലാണ് കിടത്തിയത്. കോർപറേഷൻ അധികൃതർ വന്നു വീടിനു പുറത്ത് ക്വാറന്റീൻ നോട്ടിസ് പതിപ്പിച്ചു. ഒടുവിൽ 16 വരെ ഐസലേഷൻ. 17നു വീണ്ടും പരിശോധന നടത്തി. 18നു നെഗറ്റീവ് ഫലമെത്തി. 19മുതൽ ഞാൻ ജോലിക്കു പോയിത്തുടങ്ങി. ബിനോയ് 22 മുതലും.

കോവിഡ് പരിശോധിക്കാൻ പോയതിനു തലേന്നു രാത്രി ഉറങ്ങിയില്ല എന്നതാണ് വാസ്തവം. എന്നാൽ പിന്നീട് ആ പേടി മാറി. ആശുപത്രിയിലെ ഡോക്ടർമാരും സഹപ്രവർത്തകരുമെല്ലാം ആത്മവിശ്വാസം തന്നു. സുഹൃത്തുക്കൾ ഒപ്പം നിന്നു. നാട്ടിലുള്ള പലരോടും വിവരം പറഞ്ഞതുമില്ല. അവരെയും ആശങ്കപ്പെടുത്തേണ്ടതില്ലല്ലോ എന്നോർത്ത്.

തമാശ സിനിമകളും വിഡിയോകളും കണ്ട് ആത്മവിശ്വാസം വർധിപ്പിച്ചു. 2–3 ദിവസം കഞ്ഞിയും പയറുമൊക്കെയായിരുന്നു ഭക്ഷണം. പിന്നീട് എല്ലാം കഴിക്കാൻ തുടങ്ങി. ആവശ്യമുള്ള ഭക്ഷണവും മറ്റുസാധനങ്ങളുമെല്ലാം എത്തിച്ച് സുഹൃത്തുകൾ കൂടെ നിന്നു. ആശങ്കപ്പെടുത്തുന്ന വാർത്തകൾ ഒഴിവാക്കി. പാട്ടും സിനിമയുമൊക്കെയായി സമയം ആസ്വദിച്ചു. ഇപ്പോൾ രോഗം ബാധിച്ച മറ്റു പലർക്കും മാർഗനിർദേശം നൽകുന്നുണ്ട്. ആശുപത്രിയിൽ പോകാതെയാണ് ഞങ്ങൾ രോഗം നേരിട്ടതെന്നും ഓർക്കുക.

ഞങ്ങൾ ചെയ്തത്

ദിവസം 3 ലീറ്ററെങ്കിലും ചൂടു വെള്ളം കുടിക്കാം. 25 കിലോ ഭാരമുള്ളയാൾക്ക് 1 ലീറ്റർ എന്നതാണ് കണക്ക്.

പ്രോട്ടിനുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ദിവസം 1–2 മുട്ട കഴിക്കുക

വൈറ്റമിൻ സി,ഡി, പനിക്കുള്ള മരുന്ന് എന്നിവ ഡോക്ടറുടെ നിർദേശം അനുസരിച്ച് കഴിച്ചു

ചെറുപയർ, പരിപ്പ്, പച്ചക്കറികൾ എന്നിവ ധാരാളമായി കഴിച്ചു.

ചെറുപുളിയുള്ള പഴങ്ങൾ ഉൾപ്പെടുത്തി. മാമ്പഴം, മുസാംബി തുടങ്ങിയവ

പച്ചമഞ്ഞൾ, ഇഞ്ചി എന്നിവ ചതച്ചിട്ട്, നാരങ്ങാനീരൊഴിച്ച ചൂടുവെള്ളം കഴിച്ചു. അത് പ്രതിരോധശക്തി വർധിക്കാൻ പ്രയോജനപ്പെട്ടു.

നന്നായി ഭക്ഷണം കഴിക്കുക എന്നതു വളരെ പ്രധാനപ്പെട്ടതാണ്.

ആവി പിടിക്കുക. ദിവസം 3–4 വട്ടം ഇതു ചെയ്യുക. ബിറ്റാഡിൻ ഗാർഗിളോ മറ്റോ ഇതിനുപയോഗിക്കാം

കുട്ടികളെയും ചൂടുവെള്ളം കുടിപ്പിച്ചു. ആവിപിടിക്കലുമെല്ലാം ചെയ്തിരുന്നു.