മകനെ നഷ്ടപ്പെട്ട അമ്മ തളർന്നു വീണു; തൊടാൻ മടിച്ച് ജനം

jain-samuel
SHARE

 മകനെ അവസാനമായി കാണാനായില്ല, വീട്ടിലേക്കുള്ള യാത്രയും മുടങ്ങി. സഹായിക്കേണ്ട ഡൽഹി പൊലീസും അധികൃതരുമെല്ലാം മാറിനിന്നു. പത്തനംതിട്ട ഇരവിപേരൂർ പടിപ്പുരയ്ക്കൽ ജെയിൻ സാമുവൽ (76) എന്ന വീട്ടമ്മയുടെ കണ്ണീർ തോരുന്നില്ല.

ജെയിനിന്റെ മകനും ടൈറ്റാനിയത്തിന്റെ മുൻ ഫുട്ബോൾ താരവുമായ തോമസ് സാമുവൽ (സന്തു–50) വെള്ളിയാഴ്ചയാണു മരിച്ചത്. ഇളയ മകൻ സുരേഷിന്റെ ഭാര്യ ഷൈനിക്കൊപ്പം ഡൽഹി രോഹിണി സെക്ടർ 6ൽ താമസിക്കുന്ന ജെയിൻ സംസ്കാരച്ചടങ്ങിനായി നാട്ടിലേക്കു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സന്തുവിന്റെ സംസ്കാരം തിങ്കളാഴ്ച കഴിഞ്ഞെങ്കിലും ബുധനാഴ്ചത്തെ പ്രത്യേക ട്രെയിനിൽ നാട്ടിലേക്കു പോകാൻ ഇവർ തീരുമാനിച്ചു.

രോഹിണി സെക്ടർ 24ലെ ഡൽഹി പബ്ലിക് സ്കൂളിലാണ് ഇവർക്കു വേണ്ടി മെഡിക്കൽ സ്ക്രീനിങ് ഒരുക്കിയിരുന്നത്. അമ്മയെയും മൂന്നും രണ്ടും വയസ്സു വീതം പ്രായമുള്ള കുട്ടികളെയും വഴിയരികിൽ നിർത്തി പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾക്കായി ഷൈനി സ്കൂളിലേക്കു പോയി.

മടങ്ങിവന്നപ്പോൾ കണ്ടതു കനത്ത ചൂടിൽ തളർന്നു വീണ അമ്മയെ. സഹായത്തിനായി പൊലീസുകാരെയടക്കം സമീപിച്ചെങ്കിലും കോവിഡ് പേടി കാരണം ആരുമെത്തിയില്ല. നോർക്ക ഓഫിസറെത്തിയെങ്കിലും സുഖമില്ലാത്തവരെ ട്രെയിനിൽ കൊണ്ടുപോകാൻ സാധിക്കില്ലെന്ന മറുപടി നൽകി മടങ്ങി. അമ്മയുടെ നില മോശമാകുന്നതു കണ്ട ഷൈനി നാട്ടിൽ ബന്ധുക്കളെ വിളിച്ചു. അവിടെ നിന്നാണു രോഹിണിയിൽ താമസിക്കുന്ന കാർട്ടൂണിസ്റ്റ് സുധീർനാഥിനു ഫോൺ സന്ദേശം ലഭിക്കുന്നത്. ഉടൻ അദ്ദേഹം സ്ഥലത്തെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചു. 

105 ഡിഗ്രി പനിയുള്ള ജെയിനെ പ്രവേശിപ്പിക്കാൻ ആദ്യം അധികൃതർ തയാറായില്ലെങ്കിലും മലയാളി നഴ്സുമാരുടെ ഇടപെടലിനെ തുടർന്ന് അനുവദിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...