ഒരു കിലോമീറ്റർ നടത്തം; മരത്തിന് മുകളിൽ കയറി ഓൺലൈൻ പഠനം; ‘റെയ്ഞ്ച്’ വേണം

കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും എല്ലാ മേഖലകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്. ക്ലാസുകൾ ഓൺലൈനാക്കി വിദ്യാഭ്യാസ മേഖല മുന്നോട്ടു പോവുകയാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഓൺൈലൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. ഇതിൽ പ്രധാനം ആവശ്യത്തിന് ഇന്റർനെറ്റ് സംവിധാനങ്ങളും ചിലയിടങ്ങളിൽ മൊബൈലിന് റെയ്ഞ്ചും കിട്ടില്ല എന്നുള്ളതാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഒരു പിജി വിദ്യാർഥി കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കർണാടകയിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ  ശ്രീറാം ഹെഗ്ഡെയാണ് ഓൺലൈൻ ക്ലാസിനായി സ്ഥിരം മരത്തിനെ ആശ്രയിക്കാൻ തുടങ്ങിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ശ്രീറാം താമസിക്കുന്നത്. ക്ലാസുകൾ ഓൺലൈനാക്കിയതോടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള മരത്തിന്റെ കൊമ്പിൽ കയറിയിരുന്നാണ് ഇപ്പോൾ പഠനം. ഇവിടെ ഇരുന്നാൽ മാത്രമേ ശ്രീറാമിന് മൊബൈൽ റെയ്ഞ്ച് ലഭിക്കുകയുള്ളൂ. 

മൂന്നു മണിക്കൂർ നേരം ഇങ്ങനെ മരത്തിന് മുകളിൽ ഇരുന്ന് ശ്രീറാം ക്ലാസിൽ പങ്കെടുക്കും. ബിഎസ്എൻഎൽ നെറ്റവർക്ക് മാത്രമാണ് ഇൗ ഗ്രാമത്തിൽ ലഭിക്കുന്നത്. ഒരു മണിക്കൂർ വീതമുള്ള മൂന്നു ക്ലാസുകളാണ് ഒരു ദിവസം കോളജ് നടത്തുന്നത്. മഴ തുടങ്ങിയാൽ ക്ലാസിൽ എങ്ങനെ പങ്കെടുക്കും എന്ന ആശങ്കയിലാണ് ഈ വിദ്യാർഥി. ഏതായാലും പഠനത്തോടുള്ള ശ്രീറാമിന്റെ ആത്മാർഥയെ അഭിനന്ദിച്ച് കോളജ് അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.