ശ്രമിക് ട്രെയിനുകള്‍ അവസാനനിമിഷം റദ്ദാക്കി; അതിഥിത്തൊഴിലാളി പ്രതിഷേധം ശക്തം

migrant-workers-clash03
SHARE

രാജ്യത്ത് അതിഥിത്തൊഴിലാളി പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ഗുജറാത്തില്‍ അക്രമാസക്തരായ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശില്‍ നിയന്ത്രണങ്ങള്‍ മറികടന്ന് തെരുവിലിറങ്ങിയ തൊഴിലാളികള്‍ പ്രതിഷേധിച്ചു.

ഗുജറാത്തിലെ രാജ്‍കോട്ടില്‍നിന്ന് ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ അതിഥിത്തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനുകള്‍ അവസാനനിമിഷം റദ്ദാക്കിയതാണ് പ്രകോപനത്തിന് കാരണം. തടിച്ചുകൂടിയ അഞ്ഞൂറിലേറെ തൊഴിലാളികള്‍ പൊലീസിനുനേരെ കല്ലേറിഞ്ഞു. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.  പൊലീസ് ലാത്തിചാര്‍ജ് നടത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരുക്കേറ്റു. 68 പേരെ കസ്റ്റഡിയിലെടുത്തു. സൂറത്ത്, വഡോദര ഉള്‍പ്പടെയുള്ള മേഖലകളില്‍ അതിഥിത്തൊഴിലാളി പ്രശ്‍നം രൂക്ഷമാണ്. അവസാനനിമിഷം ബിഹാര്‍, യുപി സര്‍ക്കാരുകള്‍ ശ്രമിക് ട്രെയിനുകളുടെ അനുമതി റദ്ദാക്കുകയായിരുന്നു എന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ഗുജറാത്തിലെ പലഭാഗങ്ങളിലും അതിഥിത്തൊഴിലാളികള്‍ക്ക് ഭക്ഷണംപോലും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലും അതിഥിത്തൊഴിലാളികള്‍ തെരുവിലിറങ്ങി. കാണ്‍പൂര്‍–ലക്നൗ ദേശീയ പാതയില്‍ പ്രതിഷേധിച്ച നൂറുകണക്കിന് തൊഴിലാളികളെ പൊലീസ് വിരട്ടിയോടിച്ചു. സംസ്ഥാനങ്ങള്‍ക്കിടയിലുണ്ടാകുന്ന അവസാനനിമിഷ ആശയക്കുഴപ്പമാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

MORE IN INDIA
SHOW MORE
Loading...
Loading...