മരണത്തിന്റെ വക്കിൽ മകൻ; 1200 കി.മീ യാത്ര; വഴിയിൽ വിങ്ങിപ്പൊട്ടി അച്ഛൻ; നോവ്

india-man-cry
SHARE

രാജ്യതലസ്ഥാനത്തെ റോഡരികിൽ ഫോണിൽ സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ഒരാൾ. മരണത്തിന്റെ വക്കിൽനിൽക്കുന്ന മകനെ ഒരുനോക്ക് കാണാനായുള്ള പിതാവിന്റെ വിങ്ങൽ അത്രയും ഉൾക്കൊള്ളുന്നതാണ് രാജ്യത്ത് ഏറെ ചർച്ചയായ ആ ചിത്രം. പിടിഐ ഫോട്ടോഗ്രാഫർ അതുൽ യാദവ് എടുത്ത ഈ ചിത്രം ലോക്ഡൗണിനിടെ വീടുകളിലെത്താൻ കിണഞ്ഞ് ശ്രമിക്കുന്ന അതിഥി തൊഴിലാളികളെ ഒന്നാകെയാണു പ്രതിനിധാനം ചെയ്യുന്നത്. ‍ഡൽഹിയിലെ റോഡരികിൽ നിന്നാണ് രാംപുകാർ‌ പണ്ഡിറ്റ് എന്ന തൊഴിലാളിയെ അതുൽ കണ്ടെത്തുന്നത്. പൊട്ടിക്കരയുന്ന തൊഴിലാളിയുടെ ചിത്രം പകർത്തിയതിനെക്കുറിച്ച് അതുൽ പിന്നീട് ദേശീയ മാധ്യമങ്ങളോടു വിശദീകരിച്ചു.

നിസാമുദ്ദീൻ പാലത്തിൽ ഇരുന്ന് ഫോണിൽ സംസാരിച്ച് സങ്കടം നിയന്ത്രിക്കാൻ ആകാതെ കരയുകയായിരുന്നു അദ്ദേഹം. എനിക്കെന്റെ ക്യാമറയെ തടയാനായില്ല– അതുൽ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധയിടങ്ങൾ സന്ദർശിച്ച് അതിഥി തൊഴിലാളികളുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഓരോ ആളുകളും മറ്റുള്ളവരുടേതിനേക്കാൾ നിസ്സഹായരായിരുന്നു. അതുകൊണ്ടുതന്നെ മുതിർന്ന ഒരാൾ കരയുന്നതുകണ്ട് ഞാൻ അദ്ഭുതപ്പെടും എന്നു കരുതിയിരുന്നില്ല. എന്നാൽ അതു സംഭവിച്ചു. അദ്ദേഹത്തിന്റെ സങ്കടം എന്നെയും ബാധിച്ചിരുന്നു.

സംഭവത്തിന്റെ ഒരു ചിത്രം പകർത്തി പോകേണ്ടതല്ല എന്നു തോന്നി. എന്താണു പ്രശ്നമെന്ന് അറിയണമായിരുന്നു. മകന് അസുഖമാണ്, മരണം സംഭവിച്ചേക്കാം. വീട്ടിലേക്കു പോകണം– ആ പിതാവ് എന്നോടു പറഞ്ഞു. എങ്ങോട്ടാണു പോകേണ്ടതെന്ന ചോദ്യത്തിന് ‘അവിടെ’ എന്നായിരുന്നു മറുപടി. ബിഹാറിലെ ബെഗുസരായിയിലെ ബരിയാർപുരിലാണ് അദ്ദേഹത്തിന്റെ വീട്. വീട്ടിലെത്താൻ 1200 കിലോമീറ്റർ‌ യാത്ര ചെയ്യണം. നജഫ്ഗറിലാണ് അയാൾ ജോലി ചെയ്യുന്നത്. പൊതു ഗതാഗത സംവിധാനങ്ങൾ ഇല്ലാതായതോടെ മറ്റ് അതിഥി തൊഴിലാളികളെ പോലെ അദ്ദേഹവും കാൽനടയായി യാത്ര പുറപ്പെടുകയായിരുന്നു.

എന്നാൽ നിസാമുദ്ദീന്‍ പാലത്തിനു സമീപത്ത് രാംപുകാർ‌ പണ്ഡിറ്റിന്റെ യാത്ര പൊലീസ് തടഞ്ഞു. തകർന്നുപോയ അയാൾ കഴിഞ്ഞ മൂന്ന് ദിവസമായി അവിടെ നിൽക്കുകയാണ്. ബിസ്കറ്റും വെള്ളവും നൽകി ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ മകനെ ഇനി ഒരിക്കലും കാണില്ലെന്നു ഭയന്നിരിക്കുന്ന പിതാവിനെ എങ്ങനെയാണു സാന്ത്വനിപ്പിക്കുക. പ്രശ്നപരിഹാരത്തിനായി അദ്ദേഹത്തെ അതിർത്തി കടത്തി വിടണമെന്ന് പൊലീസിനോട് അഭ്യർഥിച്ചു. ആദ്യം വൈമനസ്യം കാണിച്ചെങ്കിലും ഒരു മാധ്യമ പ്രവർത്തകൻ അഭ്യർഥിച്ചതിനാൽ അദ്ദേഹം വീട്ടിലെത്തുന്ന കാര്യം ഉറപ്പാക്കാമെന്നു പൊലീസുകാർ മറുപടി നൽകി.

തിരിച്ച് എന്റെ വീട്ടിലെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പേരോ, ഫോൺ നമ്പരോ ചോദിക്കാൻ വിട്ടുപോയ കാര്യം ഓർത്തത്. അദ്ദേഹം വീട്ടിലെത്തിയോ, മകനെ കണ്ടോ, അസുഖം മാറിയോ എന്നെല്ലാം എനിക്ക് അറിയണമായിരുന്നു. സമയം തിങ്കളാഴ്ച വൈകിട്ട് 5.15 ആയിരുന്നു. കാത്തിരിക്കാൻ എനിക്ക് സാധിച്ചില്ല. പിടിഐ ചിത്രം പുറത്തുവിട്ടതോടെ അതു രാജ്യത്തെ മാധ്യമങ്ങളിലെല്ലാം എത്തി. നിരവധി പേരെ അതു സ്പർശിച്ചു. ആ പിതാവിന്റെ ജീവിതം നിരവധി മാധ്യമങ്ങളിൽ വാർത്തയായി. അപ്പോഴാണ് അദ്ദേഹത്തിന്റെ പേര് രാംപുകാർ പണ്ഡിറ്റ് ആണെന്നു ഞാൻ മനസ്സിലാക്കിയത്. രോഗബാധിതനായ അദ്ദേഹത്തിന്റെ മകൻ മരണത്തിന് കീഴടങ്ങിയെന്നും ഞാൻ അറിഞ്ഞു. അത് എന്റെ ഹൃദയത്തെ തകർത്തു– ഫൊട്ടോഗ്രഫർ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...