രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 8 സംസ്ഥാനങ്ങളില്‍ ക്ലസ്റ്ററുകള്‍

PTI19-03-2020_000132B
SHARE

രാജ്യത്തെ കോവിഡ് ബാധിരുടെ എണ്ണം കുതിച്ചുയരുന്നു. കഴി‍ഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ 302 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 3,334 ആയി. 79 രോഗബാധിതര്‍ക്ക് ജീവന്‍ നഷ്ടമായി. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് രോഗം ബാധിച്ചു. 29 സംസ്ഥാനങ്ങളിലായി 274 ജില്ലകളില്‍ രോഗവ്യാപനമുണ്ടായതായും, ചിലയിടങ്ങളില്‍ രോഗ വ്യാപനത്തിന്‍റെ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. 

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തോളം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടത്. ഡല്‍ഹിയില്‍ 445 പേര്‍ക്ക് രോഗബാധയുണ്ട്. തെലങ്കാനയില്‍ 269, ഉത്തര്‍പ്രദേശില്‍ 227, രാജസ്ഥാനില്‍ 200, കര്‍ണാടകയില്‍ 144 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 267പേര്‍ക്ക് രോഗം ഭേദമായി. 58 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുണ്ട്. കേരളത്തിലും ഡൽഹിയിലും മധ്യപ്രദേശിലുമാണ് ഇവരിൽ ഭൂരിഭാഗവും. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ട് നഴ്സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  ഡോക്ടറടക്കം നാല് ജീവനക്കാർക്ക് നേരത്തെ രോഗം കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷ ഉപകരണങ്ങളില്ലെന്നും ഇനിയും പോസിറ്റീവ് കേസുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് മനോരമന്യൂസിനോട് പറഞ്ഞു. 

എയിംസ് ട്രോമാകെയര്‍ സെന്‍ററിലെ ശുചീകരണ തൊഴിലാളിക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി ആര്‍.കെ പുരത്തെ ചേരി അടച്ചു. ഇവിടെ നിരീക്ഷണം കര്‍ക്കശമാക്കും. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1026 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തി. ഇരുപത്തി രണ്ടായിരത്തോളം പേര്‍ 17 സംസ്ഥാനങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നു. കേരളം അടക്കം 8 സംസ്ഥാനങ്ങളില്‍ രോഗ വ്യാപനത്തിന്റെ മേഖലകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ മേഖലകളില്‍ പരിശോധന വ്യാപകമാക്കാനും നിയന്ത്രണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...