ദിബ്രുഗഡിൽനിന്നും കന്യാകുമാരിയിലേക്ക് എത്തി വിവേക് എക്സ്പ്രസ്; ചരിത്രം പാളത്തിലെത്തി

vivek-express-last
SHARE

രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾക്ക് തൽക്കാലത്തേക്ക് അവസാനമിട്ട് വിവേക് എക്സ്പ്രസ് അവസാന സ്റ്റോപ്പിൽ എത്തിച്ചേർന്നു. അസമിലെ ദിബ്രുഡിൽ നിന്ന് ഇന്ത്യയുടെ തെക്കേ അറ്റത്തെ അവസാന റെയിൽവേ സ്റ്റേഷനായ കന്യാകുമാരിയിലേക്ക് ട്രെയിൻ ഓടിയെത്തിയത്. അത് കന്യാകുമാരി സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ യാത്ര അവസാനിപ്പിക്കുമ്പോൾ ഷെഡ്യൂൾ സമയത്തിനും 19 മിനിറ്റ് നേരത്തെയായിരുന്നു.

ദിബ്രുഗഡിൽനിന്നു കഴിഞ്ഞ ശനിയാഴ്ച ഓട്ടം തുടങ്ങിയ 15906 വിവേക് എക്സ്പ്രസ് കന്യാകുമാരിയിൽ എത്തിയതോടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും നിലച്ചത്. 167 വർഷത്തെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിനും ഇത് അപൂർവ നിമിഷം.

4205 കിലോമീറ്ററിന് അപ്പുറത്തു നിന്ന് കഴിഞ്ഞ ശനിയാഴ്ച വിവേക് എക്സ്പ്രസ് യാത്ര തുടങ്ങുമ്പോഴുണ്ടായിരുന്ന ഇന്ത്യയല്ല 5 ദിവസത്തിനു ശേഷം കന്യാകുമാരിയിൽ എത്തിയപ്പോഴുള്ളത്. രാജ്യത്ത് ജനതാ കർഫ്യൂ നിലവിൽ വരുന്നതിനു ഒരു മണിക്കൂർ മുന്നെയാണ് അസമിലെ ദിബ്രുഗഡിൽ നിന്ന് വിവേക് എക്സ്പ്രസ് യാത്ര തുടങ്ങിയത്. 24 മണിക്കൂർ ട്രെയിൻ ഗതാഗതം നിർത്തിയെന്നായിരുന്നു അന്ന് അറിയിപ്പ്.

ട്രെയിൻ ഗുവാഹത്തി കടന്നപ്പോൾത്തന്നെ ട്രെയിൻ നിയന്ത്രണം ആദ്യം 72 മണിക്കൂറും പിന്നീട് 31 വരെയുമായി പ്രഖ്യാപിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ തുടരാൻ അനുവദിച്ചതോടെ ‘ഇന്ത്യയുടെ ഞരമ്പു’കളിൽ ഏതാനും യാത്രാ ട്രെയിനുകൾ മാത്രമായി. ഒടുവിൽ ചൊവ്വാഴ്ചയോടെ എല്ലാ ട്രെയിനുകളും അതാതിന്റെ അവസാന സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിച്ചപ്പോഴും വിവേക് പാളത്തിൽത്തന്നെയായിരുന്നു.

ഒടുവിൽ കേരളത്തിലെ സ്റ്റേഷനുകൾ കടന്ന് ബുധനാഴ്ച രാവിലെ 9.36നു കന്യാകുമാരിയിൽ യാത്ര അവസാനിപ്പിച്ചു. ഇനി യാത്രാ ട്രെയിനുകൾ പുനരാരംഭിക്കുന്ന ദിവസം വരെ ഇന്ത്യയുടെ ഏറ്റവും വലിയ യാത്ര സംവിധാനം ആളനക്കമില്ലാതെ കിടക്കും. നിന്നുതിരിയാൻ ഇടയില്ലാതെ ആൾത്തിരക്കുണ്ടായിരുന്ന സ്റ്റേഷനുകൾ ആളെക്കാണാൻ കാത്തിരിക്കും. ഗുഡ്സ് ട്രെയിനുകൾ യാത്ര തുടരുന്നതിനാൽ സ്റ്റേഷനുകളിൽ അതിനുള്ള ജീവനക്കാർ മാത്രം കാണും.

അസം, ബിഹാർ, നാഗാലാന്‍ഡ്, ബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ വഴിയാണു വിവേക് എക്സ്പ്രസ് കടന്നു വന്നത്. അതിനാൽത്തന്നെ സ്റ്റേഷനുകളിൽ ആരോഗ്യ പ്രവർത്തകർ വലിയ മുൻകരുതലാണു ട്രെയിനിൽ എത്തിയവര്‍ക്കായി ഒരുക്കിയത്. ഇന്ത്യയിൽ ഏറ്റവും ദൂരം ഓടുന്ന ട്രെയിനാണു ദിബ്രുഗഡ്–കന്യാകുമാരി വിവേക് എക്സ്പ്രസ്.

MORE IN INDIA
SHOW MORE
Loading...
Loading...