2000 രൂപ, അരി, എണ്ണ...; ലോക്ഡൗണിൽ ജനത്തിന് ആശ്വാസമെത്തിച്ച് സംസ്ഥാനങ്ങൾ

kollam-covid-checking
SHARE

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിൽ വീടുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങൾ. സൗജന്യ ഭക്ഷ്യധാന്യങ്ങളും പണവും ഉൾപ്പെടെയാണു സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. അർധരാത്രി മുതൽ രാജ്യം പൂര്‍ണമായും ലോക്ക്ഡൗണിൽ (അടച്ചിടൽ) ആണ്. ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണു പുറത്തിറങ്ങാൻ അനുവാദമുള്ളത്.

തമിഴ്‌നാട്ടിൽ 3280 കോടി രൂപയുടെ പ്രത്യേക പാക്കേജാണു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചത്. റേഷൻ കാർഡ് ഉടമകള്‍ക്കെല്ലാം 1000 രൂപ, അരി, പരിപ്പ്, പഞ്ചസാര, ഭക്ഷ്യഎണ്ണ തുടങ്ങിയവയാണു നൽകുന്നത്. വഴിയോര കച്ചവടക്കാർ, ഓട്ടോ ഡ്രൈവർമാർ, നിർമാണ തൊഴിലാളികൾ എന്നിവർക്ക് 1000 രൂപ സഹായമായി നൽകും. അയൽസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് 15 കിലോ അരി, ഒരു കിലോ വീതം പരിപ്പ്, ഭക്ഷ്യ എണ്ണ എന്നിവ സൗജന്യമായി നൽകും. തിരക്കൊഴിവാക്കാൻ ടോക്കൺ നൽകിയായിരിക്കും വിതരണം.

മുതിർന്ന പൗരന്മാർക്ക് അങ്കണവാടികൾ വഴി ഭക്ഷണം സൗജന്യമായി നൽകും. യാത്ര ചെയ്യാൻ സാധിക്കാത്തവർക്കു വീട്ടിലേക്കു ഭക്ഷണമെത്തിക്കും. ഓട്ടോ ഡ്രൈവർമാർക്ക് ഒരു കിലോ വീതം അരിയും ഭക്ഷ്യധാന്യവും നൽകും. കുറഞ്ഞ വിലയ്ക്കു ഭക്ഷണം കൊടുക്കുന്ന അമ്മ കാന്റീനുകൾ തുറക്കും. വീടില്ലാത്തവർക്കും അനാഥർക്കും അമ്മ കാന്റീനുകളിൽ ഭക്ഷണം നൽകാനുള്ള സൗകര്യമൊരുക്കണമെന്നു കലക്ടർമാർക്കു നിർദേശം നൽകി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യപ്രവർത്തകർക്ക് ഒരു മാസത്തെ ശമ്പളം അധികം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്ധ്രപ്രദേശ്

ഈ മാസം 29നകം എല്ലാവർക്കും റേഷൻ നൽകുമെന്നു മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി പറഞ്ഞു. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അരിയും ഒരു കിലോ പരിപ്പും സൗജന്യമായി നല്‍കും. ഏപ്രിൽ നാലോടെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപം വീതം നൽകും. സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് ഇക്കാലയളവിലെ ശമ്പളം നൽകണം. കരാര്‍ തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കുമടക്കം ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 ഹിമാചൽപ്രദേശ്

പ്രതിസന്ധി നേരിടാൻ 500 കോടിയുടെ പാക്കേജാണു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പ്രഖ്യാപിച്ചത്. കെട്ടിട നിർമാണ തൊഴിലാളി ബോർഡിൽ റജിസ്റ്റർ ചെയ്ത 1.5 ലക്ഷത്തോളം തൊഴിലാളികൾക്ക് ഒറ്റത്തവണ ആശ്വാസമായി 2000 രൂപ വീതം നൽകും. റേഷൻ കാർഡുടമകൾക്ക് രണ്ടു മാസത്തേക്കുള്ള അരിയും ഭക്ഷ്യധാന്യങ്ങളും നൽകും. ഏപ്രിൽ ആദ്യവാരം സാമൂഹിക സുരക്ഷാ പെൻഷൻ കൊടുക്കും. അങ്കണവാടി, ആശ വർക്കർമാർ, തയ്യൽ അധ്യാപകർ, ഉച്ചഭക്ഷണമുണ്ടാക്കുന്നവർ, ജലഅതോറിറ്റിയിലെ കാവൽക്കാർ, പഞ്ചായത്തുകളിലെ കാവൽക്കാർ തുടങ്ങിയവർക്കുള്ള ഓണറേറിയം ഏപ്രിൽ ഒന്നിനു നൽകും. ദിവസവേതനക്കാർക്ക് ഏപ്രിൽ ഒന്നു മുതൽ കൂടുതൽ വേതനമായിരിക്കും നൽകുക.

രാജസ്ഥാൻ

ലോക്ക്ഡൗൺ നേരിടാനായി 2,000 കോടിയുടെ പാക്കേജാണു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്. സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് 1000 രൂപ സഹായം. 78 ലക്ഷം ഉപഭോക്താക്കൾക്കു രണ്ടുമാസത്തെ പെൻഷൻ അനുവദിച്ചു. 36.51 ലക്ഷം ബിപിഎൽ കുടുംബങ്ങൾ, 25 ലക്ഷം നിർമാണ തൊഴിലാളികൾ, റജിസ്റ്റർ ചെയ്ത വഴിയോര കച്ചവടക്കാർ തുടങ്ങിയവർക്ക് 1000 രൂപ വീതം നൽകും. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത, ആവശ്യക്കാർക്കെല്ലാം റേഷൻ സാധനങ്ങളുടെ പാക്കറ്റ് ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു.

20,000 കോടിയുമായി കേരളം

കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ കേരള സർക്കാർ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണു പ്രഖ്യാപിച്ചത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ കൊടുക്കാനുള്ള കുടിശിക ഏപ്രിലിൽ കൈമാറും. ഇതിന് 14,000 കോടി രൂപ വേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബശ്രീ വഴി 2 മാസങ്ങളിലായി 2,000 കോടി രൂപയുടെ വായ്പ. തൊഴിലുറപ്പു പദ്ധതികൾ നടപ്പാക്കുന്നതിന് ഏപ്രിൽ, മേയ് മാസങ്ങളിൽ 1000 കോടി രൂപ വീതം. ഏപ്രിൽ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ മാർച്ചിൽ നൽകും. 2 മാസത്തെ പെൻഷൻ തുക ഒരുമിച്ചു നൽകുന്നതിന് 1,320 കോടി അനുവദിക്കും. പെൻഷൻ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കുടുംബങ്ങൾക്ക് 1000 രൂപ വീതം.

എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം. ബിപിഎൽ, അന്ത്യോദയ വിഭാഗങ്ങൾക്കു പുറമേ ഉള്ളവർക്ക് 10 കിലോ അരിയാണു നൽകുന്നത്. ഇതിനായി 100 കോടി രൂപ. 20 രൂപയ്ക്കു ഭക്ഷണം ലഭ്യമാക്കാൻ 1000 ഭക്ഷണശാലകൾ അടുത്ത മാസം. ഇതിന് 50 കോടി രൂപ. ആരോഗ്യ പാക്കേജിന് 500 കോടി രൂപ. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് ചാർജിൽ ഇളവു നൽകും. ബസുകളിൽ സ്റ്റേജ് കാരിയറിനും കോൺട്രാക്ട് കാരിയറിനും 3 മാസം നൽകേണ്ട നികുതിയിൽ ഇളവ്. സ്റ്റേജ് കാരിയറുകൾക്ക് ഏപ്രിലിലെ നികുതിയിലാണ് ഇളവ്. വൈദ്യുതിബില്ലും വെള്ളക്കരവും അടയ്ക്കാൻ 30 ദിവസത്തെ സാവകാശവും സർക്കാർ പ്രഖ്യാപിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...