കോവിഡ് പ്രതിരോധത്തിൽ മാധ്യമങ്ങൾ വഹിച്ചത് വലിയ പങ്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി

pm-24
SHARE

കോവിഡ് പ്രതിരോധത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കണമെന്നും ‌പത്രാധിപന്മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍വമായ നടപടികള്‍ വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത മലയാളമനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു അഭ്യര്‍ഥിച്ചു. അതേസമയം, നിയന്ത്രണങ്ങള്‍ മാധ്യമങ്ങളുടെ സുഗുമമായ പ്രവര്‍ത്തനത്തിന് തടസമാകരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.   

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്യത്തിന്റെ എല്ലാ മുക്കിലുംമൂലയിലും എത്തിച്ച മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനങ്ങളിലേക്ക് യഥാര്‍ഥ വസ്തുതകള്‍ എത്തിക്കുന്നതിലും വ്യാജ വാര്‍ത്തകളെയും അഭ്യൂഹങ്ങളെയും തടയുന്നതിലും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ദിനപത്രങ്ങള്‍ക്കുള്ള വിശ്വാസം വലുതാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന ലോക്കല്‍ പേജുകള്‍ കോവിഡ് ബോധവല്‍ക്കരത്തിനായി നീക്കിവയ്ക്കണം. ടെസ്റ്റിങ് സെന്ററുകള്‍, ഐസലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ലോക്ക്ഡൗണില്‍ അവശ്യവസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവ ലോക്കല്‍ പേജുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. 

വിദേശത്തുള്ള ഇന്ത്യക്കാരുടെ വീസ, തൊഴില്‍, ആരോഗ്യ പ്രശ്നങ്ങളില്‍ അനുഭാവപൂര്‍വമായ നടപടികള്‍ ഉണ്ടാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യുവും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, മാധ്യമപ്രവര്‍ത്തനം സുഗുമമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷോപണ മന്ത്രാലയം കത്തയച്ചു. നിയന്ത്രങ്ങള്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാകരുത്. ഡി.ടി.എച്ച്. കേബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഈ മാര്‍ഗനിര്‍ദേശം ബാധകമാണെന്ന് കേന്ദ്രത്തിന്റെ ഉത്തരവിലുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...