'താരത്തിന്റെ അഹങ്കാരം വേണ്ട; രോഗിയെപ്പോലെ പെരുമാറൂ'; കനികയ്ക്കെതിരെ അധികൃതർ

kanika-kapur-2
SHARE

കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് കനിക ആരോപിച്ചിരുന്നു. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞു. സംഭവം വലിയ ചര്‍ച്ചയായതോടെ കനികയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാജീവ് ഗാന്ധി പി.ജി.ഐ.എം.എസ് അധികൃതര്‍.

കനിക കപൂര്‍ ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ അഭിപ്രായപ്പെട്ടു. 

'ഒരു താരത്തിന്റെ അഹങ്കാരവും ഗര്‍വ്വും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം', ആര്‍.കെ ധിമാന്‍ പറഞ്ഞു.

കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്‌നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലെത്തി പിന്നീട് ലക്നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...