താഴട്ടെ ആണധികാരത്തിന്റെ പതാകകള്‍; നയിക്കാന്‍ വനിതകളും: അറിയാന്‍

army-women-delhi
SHARE

ഇന്ത്യൻ സൈന്യത്തിൽ വനിതകൾക്ക് ദീർഘകാല നിയമനം നൽകണമെന്ന  സുപ്രീംകോടതിയുടെ നിർണായക വിധി വരുമ്പോൾ നടപ്പിലാവാൻ പോകുന്നത് ലിംഗ വിവേചനത്തിനെതിരായ ഇന്ത്യയുടെ പരമോന്നത കോടതിയുടെ  ഉശിരൻ മറുപടിയാണ്. സ്ത്രീയെ അടുക്കള ഭരണവും മാതൃത്വവും പറഞ്ഞ് അബലയായി ചിത്രീകരിക്കുന്ന പരമ്പരാഗത ശൈലിക്കുള്ള മറുപടി. 

വിവേചനങ്ങൾ അവസാനിപ്പിക്കേണ്ട സർക്കാരുകളോ സൈന്യം തന്നെയോ മുന്നിട്ടിറങ്ങാതെ വന്നപ്പോൾ എല്ലായിടത്തേയും പോലെ അവകാശങ്ങൾക്കായി ആവശ്യക്കാർ തന്നെ രംഗത്തിറങ്ങി. അപ്പോഴും എതിരെ നിന്നത് നാട്ടിലെ സർക്കാർ ആണെന്നത് വിചിത്രമായി തുടരുന്നു. തൊഴിലിടത്തെ ലിംഗ സമത്വത്തിനുള്ള അവകാശം നിഷേധിക്കാൻ വെമ്പൽ കൊണ്ട നമ്മുടെ സർക്കാരുകളുടെയും സൈന്യത്തിലെ തന്നെ ആണധികാരത്തിന്റെ ഹുങ്കിനും എതിരെയാണ് ഈ ഉത്തരവ്. 

2010ലെ ഡൽഹി ഹൈക്കോടതി വിധിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ശരിവച്ചത്. വനിതകൾക്കും സ്ഥിരം കമ്മിഷൻഡ് പദവി നൽകണമെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി തളളിയത്. അപ്പോഴും സർക്കാർ കോടതിയിൽ നിരത്തിയ ന്യായങ്ങളാണ് പുരുഷാധിപത്യ സമൂഹത്തിലെ ദുഷ്പ്രവണതകളായി തുടരുന്നത്. 

ലഭിക്കുന്ന ആനുകൂല്യത്തേക്കാൾ ഏറെ, രാജ്യം എന്ന ഒറ്റ വികാരം മുൻനിർത്തി പോരാടാൻ പുരുഷനൊപ്പം സ്ത്രീക്ക് പറ്റില്ലാ എന്ന അബദ്ധ ധാരണ യാഥാസ്ഥിതിക സമൂഹത്തിന്റെ വിവരക്കേടുതന്നെയാണ്. പുരുഷനൊപ്പം സ്ത്രീയെയും മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളെയും തുല്യരായി കാണാൻ ഇനിയുമേറെ മുൻപോട്ട് പോകേണ്ടിയിരിക്കുന്നു നമ്മുടെ സമൂഹം എന്നതാണ് ഏറെ വിഷമകരമായ യാഥാർഥ്യം. ഒരാൾ ചെയ്യുന്ന ജോലി വേറൊരാൾക്ക് ചെയ്യാൻ സാധിക്കില്ലെന്ന മുൻവിധി അവരെ അപമാനിക്കൽ തന്നെയാണ്. 

സേനയുടെ 10 അവാന്തര വിഭാഗങ്ങളിലാണ് വനിതകൾക്ക് സ്ഥിരം നിയമനം

1. സിഗ്നൽ വിഭാഗം

2. എൻജിനീയറിങ്‌

3. കരസേനയിലെ വ്യോമവിഭാഗം

4. സേനയുടെ വ്യോമപ്രതിരോധം

5. ഇലക്ട്രോണിക്സ് & മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം

6. സേനയുടെ സർവീസ് കോർപ്സ് (ലോജിസ്റ്റിക്സ്)

7. ഓർഡനൻസ് വിഭാഗം

8. രഹസ്യാന്വേഷണ വിഭാഗം

9. ജഡ്ജ് അഡ്വക്കറ്റ് ജനറൽ

10. ആർമി എഡ്യൂക്കേഷൻ കോർപ്സ്

വിധിയുടെ നാൾവഴിയും 54 പേജുള്ള വിധിന്യായത്തിലെ നിർണായക നിരീക്ഷണങ്ങളും: 

> 2010 മാർച്ച്‌ 12ന് ഡൽഹി ഹൈക്കോടതിയാണ് വനിതകളുടെ ഹ്രസ്വകാല നിയമനത്തിൽ 14 വർഷം പൂർത്തിയാക്കിയവർക്ക് ദീർഘകാല നിയമനം നൽകണമെന്ന് വിധിച്ചത്. 

> ഈ വിധിക്കെതിരെ പ്രതിരോധ മന്ത്രാലയം നൽകിയ ഹർജി തീർപ്പാക്കിയാണ് സുപ്രീംകോടതിയുടെ വിധി വരുന്നത്. അതും മൂന്ന് മാസത്തിനകം നടപ്പാക്കണമെന്ന ഉത്തരവോടെ.

> സൈന്യത്തിലെ ജോലികൾ ചെയ്യാൻ വേണ്ട തക്ക ശാരീരിക ശേഷി സ്ത്രീകൾക്കില്ലെന്ന കേന്ദ്രസർക്കാർ വാദത്തെയാണ് സുപ്രീംകോടതി നിശിതമായി വിമർശിച്ചത്. 

> ഗർഭധാരണവും കുട്ടികളെ പരിപാലിക്കേണ്ടതും കുടുംബപരമായ ഉത്തരവാദിത്തങ്ങളും വാദത്തിൽ ഉയർന്നുവന്നു. 

> ശത്രുസൈന്യത്താൽ പിടിക്കപ്പെടാനും യുദ്ധത്തടവുകാരായി തീരാനുമുള്ള സാധ്യതയേറെയാണന്ന് സർക്കാർ വാദം.

> ഭരണഘടനാപരമായുള്ള സാധുതയേക്കാളും കോടതി പരിഗണിച്ചത് സ്ത്രീയുടെ അന്ത:സാണ് എന്നതാണ് വസ്തുത. 

> കാലാൾപ്പട ഉൾപ്പെടെയുള്ള പോരാട്ട വിഭാഗങ്ങളിലെ നിയമനം കോടതിയുടെ പരിഗണനയിൽ വന്നില്ല (ഹർജിക്കാർ കോടതിയുടെ പരിഗണനയ്ക്ക് നൽകിയില്ല)

> സേനയിൽ നിലവിലുള്ള വനിതകളിൽ മുപ്പത് ശതമാനത്തോളം പേരും പ്രശ്നബാധിത മേഖലകളിലാണ് സേവനം ചെയ്യുന്നത്. 

കോടതി തന്നെ ചൂണ്ടിക്കാട്ടിയ വനിതകളിൽ രണ്ടുപേർ

1. ലഫ്റ്റനന്റ് കേണൽ സോഫിയ ഖുറേഷി-സിഗ്നൽ കോറിൽ സേവനം ചെയ്യുന്നു. വിദേശ രാജ്യങ്ങളിലെ സൈനികരെ പങ്കെടുപ്പിച്ചു കൊണ്ട് 2016 മാർച്ചിൽ നടന്ന സൈനിക പരിശീലനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ സൈനിക പരിശീലനമായിരുന്നു ഇത്. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 

2. ലഫ്റ്റനന്റ് കേണൽ അനുവന്ദന ജഗ്ഗി-ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ പങ്കാളിയായി. ബുറുണ്ടിയിലെ സൈനിക നിരീക്ഷണ സംഘത്തിന്റെ മേധാവിയായി. 

ഏറെ വൈകിയാണെങ്കിലും തുല്യനീതി സങ്കൽപ്പത്തിലെ നിർണായക കാൽവയ്പ്പാകും ഈ വിധി എന്നതിൽ തർക്കമില്ല.

MORE IN INDIA
SHOW MORE
Loading...
Loading...