കമൽനാഥ്-സിന്ധ്യ പോര് പരിഹരിക്കാൻ അനുനയ ശ്രമം; കൂടിക്കാഴ്ച്ച

kamlajyothi
SHARE

മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പരസ്യപ്പോര് പരിഹരിക്കാന്‍ അനുനയശ്രമവുമായി നേതാക്കള്‍. ഇരുവരും അടുത്തയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപക് ബാബറിയ പറഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനെ ചൊല്ലിയാണ് കമല്‍നാഥും സിന്ധ്യയും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തത്. 

ജോതിരാദിത്യ സിന്ധ്യയുടെ ഈ വാക്കുകളാണ് മധ്യപ്രദേശ് കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് കാരണം. ഗസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം കമല്‍നാഥ് സര്‍ക്കാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എഴുപത് ദിവസമായി അധ്യാപകര്‍ സമരത്തിലാണ്. സമരക്കാര്‍ക്ക് പരസ്യപിന്തുണയുമായി സിന്ധ്യ രംഗത്തുവന്നു. എന്നാല്‍ സമര്‍ദ്ദത്തിന് വഴങ്ങാന്‍ കമല്‍നാഥ് കൂട്ടാക്കിയില്ല, സമരം തുടരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരുനേതാക്കളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെയാണ് മുതിര്‍ന്ന നേതാക്കളായ ദീപക് ബാബറിയയും ദ്വിഗ്വിജയ് സിങ്ങും ഇടപ്പെട്ടത്. ഈ മാസം 23ന് ഇരുവരും കൂടിക്കാഴ്ച്ച നടത്തുമെന്ന് ബാബറിയ പറഞ്ഞു. സിന്ധ്യയെ പിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനിടയില്‍ ശക്തമാണ്. അതേസമയം രാജ്യസഭയിലേക്ക്  അടുത്ത് വരുന്ന ഒഴിവിലേക്ക് സ്ഥാനാര്‍ഥിയാകാനുള്ള നീക്കം സിന്ധ്യ ശക്തമാക്കിയതാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

MORE IN INDIA
SHOW MORE
Loading...
Loading...